
അമ്പലപ്പുഴ :ലോറി ഇടിച്ചു തകർന്ന വണ്ടാനം ആശുപത്രി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെ്ഡ് പുനർനിർമ്മിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു . 3 മാസം മുമ്പാണ് വിശ്രമ കേന്ദ്രം അപകടത്തിൽ തകർന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശുപത്രിയിലെത്തി തിരികെ മടങ്ങുന്ന രോഗികളും, കൂട്ടിരിപ്പുകാരും മഴയും, വെയിലുമേറ്റ് റോഡരികിൽ നിൽക്കേണ്ട സ്ഥിതിയാണിപ്പോൾ.
അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. തകർന്ന വെയിറ്റിംഗ് ഷെഡിന്റെ കോൺക്രീറ്റ് മേൽക്കൂര സമീപമുള്ള മതിലാണ് തങ്ങി നിൽക്കുന്നത് . മതിൽ ഏത് സമയവും തകരാം. ഈ ഭാഗത്ത് ഒരു ദുരന്തത്തിന് കാത്തു നിൽക്കാതെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.