മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരം വേഗത്തിൽ നടപ്പാക്കുമെന്ന് എം.എൽ.എ
അമ്പലപ്പുഴ : കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ വേഗത്തിലാക്കും. വാടയ്ക്കൽ മുതൽ പൂക്കൈതയാർ വരെ രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. വീതി കൂടിയ ഭാഗങ്ങളിലും മലിനീകരണമുള്ള സ്ഥലങ്ങളിലും സംരക്ഷണഭിത്തിയും മറ്റ് സ്ഥലങ്ങളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള സംരക്ഷണ പ്രവൃത്തിയുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
ആവശ്യമുള്ള സ്ഥലങ്ങളിൽ കലുങ്കുകളും നടപ്പാലങ്ങളും നിർമ്മിക്കുമെന്ന് കാപ്പിത്തോട് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എച്ച്.സലാം എം.എൽ.എ വ്യക്തമാക്കി. ഫേസ് 3ൽ ഉൾപ്പെടുത്തിയ മാലിന്യ സംസ്‌കരണപ്ലാന്റ് സംബന്ധിച്ച് വിപുലമായ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. പ്ലാന്റ് നിർമ്മിക്കാനും സ്ഥലം വാങ്ങുന്നതിനും ആവശ്യമായ പണം കിഫ്ബി വകയിരുത്തിയിട്ടുണ്ട്.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കെ.ഐ.ഐ.ഡി.സി ജനറൽ മാനേജർ കെ.പി. ഹരൺബാബു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി .ജി .സൈറസ്, എസ് ഹാരിസ്, കെ കവിത, ജില്ലാപഞ്ചായത്തംഗങ്ങളായ ഗീതാ ബാബു, പി. അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി രണ്ട് ഘട്ടങ്ങളിൽ
1.കാപ്പിത്തോട് പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത് രണ്ട് ഘട്ടങ്ങളിലായി
2.ഫേസ് രണ്ടിൽ 15 കിലോമീറ്റർ ദൂരം ആഴംകൂട്ടി ശുചീകരിക്കും. വശങ്ങൾ സംരക്ഷിക്കും
3.ഫേസ് മൂന്നിൽ മലിനീകരണ പ്ലാന്റ് സ്ഥാപിക്കും. ഇതിന് പണം കിഫ്ബി നൽകും
4.കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.
8.25 : തോടിന്റെ ആഴം കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തിക്കുമായി ഫേസ് 2ൽ അനുവദിച്ചത് 8.25 കോടി രൂപ
9 മീറ്ററിൽ നിന്ന് 4ലേക്ക്
ഒമ്പത് മീറ്റർ വരെയുണ്ടായിരുന്ന തോടിന്റെ വീതി കൈയേറ്റം മൂലംചിലയിടങ്ങളിൽ 4 മീറ്റർ വരെയായി ചുരുങ്ങി.ചിലഭാഗങ്ങളിൽ തോട് നികന്ന നിലയിലുമാണ്. ഈ ഭാഗങ്ങൾ അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണ്ണയിക്കണമെന്നും വീതി കുറഞ്ഞ ഇടങ്ങളിലും നികന്ന സ്ഥലങ്ങളിലും 3 മീറ്റർ വീതിയെങ്കിലും കണ്ടെത്തണമെന്നും തോട് കടന്നു പോകുന്ന വാർഡുകളിലെ പഞ്ചായത്തംഗങ്ങൾ ആവശ്യപ്പെട്ടു.
പഞ്ചായത്തുകൾ ചെയ്യേണ്ടത്
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തോട്ടിലേക്ക് വച്ചിട്ടുള്ള മാലിന്യ പൈപ്പുകൾ നീക്കം ചെയ്യണം
തോട്ടിൽ നിന്ന് കോരി നീക്കം ചെയ്യുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തും
തോടിന്റെ പരിപാലനത്തിന് പ്രസിഡന്റുമാർ കൺവീനർമാരായി ജനകീയ സമിതികൾ രൂപീകരിക്കും.