
കായംകുളം : സി.പി.എം കായംകുളം ഏരിയാ കമ്മിറ്റിക്കും പാർട്ടി നേതാക്കൾക്കെമെതിരായ യു.പ്രതിഭ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്‌റ്റ് വിവാദമായതോടെ, അച്ചടക്ക നടപടിയുടെ ഭാഗമായി വിശദീകരണം തേടാൻ പാർട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചു. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിഭ അംഗമായ തകഴി ഏരിയാ കമ്മറ്റിയിലാണ് പറയേണ്ടത്. അത് പുറത്തു പറയുന്നത് അടച്ചടക്ക ലംഘനമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പാർട്ടി നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ ഫേസ് ബുക്കിലൂടെ അടിക്കടി ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിഭയുടെ നടപടി ഇത്തവണ ഗൗരവമായെടുക്കാനാണ് പാർട്ടി തീരുമാനം. തിരഞ്ഞെടുപ്പ് കാലത്ത് താൻ ചിലർക്ക് അപ്രിയ സ്ഥാനാർത്ഥിയായിരുന്നെന്നും, താഴേത്തട്ടിലുള്ള സഖാക്കളാണ് തുണയായതെന്നും, തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായി നടക്കുന്നുവെന്നുമായിരുന്നു പ്രതിഭയുടെ പോസ്റ്റ്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവർ ഉൾപ്പെടുന്ന ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടതെന്നും,. പുറത്തു പറയുന്നത് അച്ചടക്കലംഘനമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർച്ച സംഭവിച്ചിട്ടില്ലെന്ന് സി.പി.എം കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ വ്യക്തമാക്കി. 5000 വോട്ടിന്റെ വർദ്ധനവാണുണ്ടായത്. 2016 ൽ 46.52 ശതമാനം വോട്ട് ലഭിച്ചപ്പോൾ 2021 ൽ 47.94 ശതമാനം വോട്ട് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.