ആലപ്പുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുകിട കയർ ഫാക്ടറി സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കയർ ഉത്പന്ന കയറ്റുമതി സ്ഥാപനങ്ങൾക്ക് മുന്നിൽ ഇന്ന് ജാഥയും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കയറ്റുമതിക്കാർ കയർ കോർപ്പറേഷനുമായി സഹകരിക്കുക, ഡിപ്പോ സമ്പ്രദായം അവസാനിപ്പിക്കുക, പി.പി.എസുമായി നിസഹകരിക്കുന്ന കയറ്റുമതിക്കാർക്കെതിരെ നടപടി സ്വീകരിക്കുക, കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ സംഭരിക്കാൻ കയർ കോർപ്പറേഷന് 100കോടി രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ചെറുകിട ഉത്പാദക മേഖലയിലെ 8000ത്തോളം ഫാക്ടറികളിൽ 34,000 തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഉത്പന്ന സംഭരണം മുടങ്ങിയതോടെ തൊഴിലാളികളുടെ ജീവിതം താളംതെറ്റി. കയർപിരി മേഖലയിലും തൊഴിൽ നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

വി.എം. ഹരിഹരൻ ക്യാപ്റ്റനും ഡി. സനൽകുമാർ ഡയറക്ടറും കെ.പി. ആഘോഷ് കുമാർ, വി.എ. ജോസഫ് എന്നിവർ വൈസ് ക്യാപ്റ്റൻമാരുമായിട്ടുള്ള ജാഥ രാവിലെ 9ന് എൻ.സി ജോൺ കമ്പനിക്ക് മുന്നിൽ നിന്ന് ആരംഭിക്കും . സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യും. എം.പി.പവിത്രൻ അദ്ധ്യക്ഷത വഹിക്കും. ജാഥയുടെ ഉച്ചക്ക് ശേഷമുള്ള പര്യടനം 1.30ന് ഇന്ത്യൻ എമ്പോറിയത്തിന് മുന്നിൽ കയർ ഗുഡ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. പി.എൻ. സുധീർ അദ്ധ്യക്ഷത വഹിക്കും . വൈകിട്ട് 4.30 ന് സമാപന സമ്മേളനം മുഹമ്മ ബ്രദേഴ്സ് കയർ മില്ലിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.ആർ. ഭഗീരഥൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി വി.എം. ഹരിഹരൻ നേതാക്കളായ എം.പി. പവിത്രൻ, കെ.ആർ. ഭഗീരഥൻ, കെ.വി. സതീശൻ, ടി.എ. ജോസഫ്, കെ.വി. രമേശൻ, പി.എൻ സുധീർ എന്നിവർ പങ്കെടുത്തു .