ആലപ്പുഴ: മാവേലിക്കര താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ജീവനക്കാരനായ എ.അനീഷിന്റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.രാമനാഥ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി എന്നിവർ ആവശ്യപ്പെട്ടു. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാർ ജോലിയുമായി ബന്ധപ്പെട്ട് നിരന്തര മാനസിക സമ്മർദ്ദമാണ് നേരിടുന്നത്. റാങ്ക് ലിസ്റ്റില്ലെന്ന കാരണം പറഞ്ഞ് ഒഴിവുകൾ നികത്താതെ ജീവനക്കാരുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു. ജോലിയിലുള്ള കടുത്ത സമ്മർദ്ദമാണ് അനീഷിന്റെ മരണകാരണമെന്ന് വകുപ്പിലെ ജീവനക്കാർ ആരോപിക്കുന്നു. അനീഷിന്റെ ജീവൻ അപഹരിക്കാൻ കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് എൻ.ജി.ഒ സംഘ് ജില്ലാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.