
ആലപ്പുഴ : കാപ്പാനിയമം കൂടുതൽ ശക്തമാക്കിയതോടെ ജില്ലയിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അഞ്ചുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 10-ാം വാർഡിൽ നോർത്ത് ആര്യാട് പൊക്കലയിൽ വീട്ടിൽ ഉദീഷ് (കണ്ണപ്പൻ-20), മുതുകുളം വില്ലേജ്, കളീക്കൽ വീട്ടിൽ അജിത്ത് (പോത്ത് അജിത്ത്), പുന്നപ്ര തെക്ക് പഞ്ചായത്ത് 17-ാം വാർഡിൽ പൊള്ളയിൽ വീട്ടിൽ വരുൺ (28), ചേർത്തല മുനിസിപ്പാലിറ്റി വാർഡിൽ മുറിവേലിച്ചിറ വീട്ടിൽ ദിനേശൻ (43), എടത്വ കറുകയിൽ വീട്ടിൽ ശരത് (31) എന്നിവരെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിൽ നാടുകടത്തിയത്. ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇവർക്ക് എതിരെയുള്ള ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ റിപ്പോർട്ടിനിനെ തുടർന്നാണ് നടപടി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, കൊലപാതക ശ്രമം, അടിപിടി, കഞ്ചാവ് ഉപയോഗം, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണിവർ.