belikkall
തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിലെ വലിയ ബലിക്കല്ല്

മാന്നാർ: തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ബലിക്കൽപ്പുരയും വലിയ ബലിക്കല്ലും കാണാൻ കഴിയും. കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ ഇത്രയും വലിയ ബലിക്കല്ല് കാണാൻ കഴിയൂ. ശില്പങ്ങളും കൊത്തുപണികളും കൊണ്ട് വ്യത്യസ്തമാർന്ന ഈ ബലിക്കല്ല് ഏകദേശം 7 അടി ഉയരമുണ്ടാകും. ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്പാലരെയുമാണ്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ശ്രീകോവിലിനു പുറത്തുള്ള നാലമ്പലവും അതിന്റെ ചുറ്റുമുള്ള ബലിപീഠങ്ങളും ഉൾകൊള്ളുന്ന സ്ഥൂലദേഹ ഭാഗത്തിൽ ഏറ്റവും പ്രാധാന്യമുള്ളത് വലിയ ബലിക്കല്ലിനാണ്. ശ്രീകോവിലിന്റെ അധോഭാഗത്തിന്റെ ആവർത്തന രൂപമായ നിർമിതിയാണിത്. പാദുകം, ജഗതി, കുമുദം, ഗളം, പടി, ഉത്തരം, കപോതം, പദ്മം എന്നീ അവയവങ്ങൾ ചേർന്നതാണ് സാമാന്യമായ വലിയ ബലിക്കല്ല്. ബിംബസ്ഥാനത്തു നിന്ന് ആറുദണ്ഡ് നീങ്ങിയാണ് വലിയ ബലിക്കല്ലിന്റെ സ്ഥാനം. ശീവേലിയുടെ ഭാഗമായി വലിയബലിക്കല്ലിൽ ഹവിസ് തൂവുന്നത് പ്രത്യേകം നിർമ്മിച്ച കരിങ്കൽ പടവുകളിൽ നിന്നാണ്.

#തൃക്കുരട്ടിയിൽ ഇന്ന്
ശ്രീബലി രാവിലെ 7ന്, ഭാഗവതപാരായണം 7.30ന്, സഹസ്ര കലശാഭിഷേകം ​10 മുതൽ ഉച്ചയ്ക്ക് 1 വരെ, ഭജൻസ് വൈകിട്ട് 5 ന്, ദീപാരാധന,
ദീപക്കാഴ്ച, ആകാശക്കാഴ്ച 6.30 ന് , കാവാലം ശ്രീകുമാർ സംഗീതസദസ് 7.30 ന്