s

ആലപ്പുഴ : മത്സ്യത്തൊഴിലാളിയായി ജീവിതം തുടങ്ങി. പിന്നെ, സ്വപ്രയത്നത്താൽ സർക്കാർ സർവീസിൽ കയറി പദവികൾ പലതുവഹിച്ച് കളക്ടർ വരെയെത്തി. ഈ മാസം 28ന് ആലപ്പുഴ ജില്ലാ കളക്ടർ പദവിയിൽ നിന്ന് വിരമിച്ചശേഷം സ്വദേശമായ തിരുവനന്തപുരത്തേക്ക് എ.അലക്സാണ്ടർ മടങ്ങുമ്പോൾ മികച്ച കളക്ടറെന്ന പൊൻതൂവൽ ഒപ്പം കാണും. സംസ്ഥാന സർക്കാരിന്റെ മികച്ച മൂന്ന് ജില്ലാ കളക്ടർമാരിൽ ഒരാളായാണ് എ.അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടത്. റവന്യുദിനാചരണത്തിന്റെ ഭാഗമായാണ് റവന്യു, സർവ്വേ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ച്ചവച്ച ജീവനക്കാർക്ക് സർക്കാർ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കവേ തന്നെ തേടിയെത്തിയ അംഗീകാരത്തിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് എ.അലക്സാണ്ടർ.

1. വർഷങ്ങൾക്ക് ശേഷം റവന്യുദിനാചരണം പുനരാരംഭിക്കുമ്പോൾ, ആദ്യ പുരസ്ക്കാരം തന്നെ തേടി എത്തിയപ്പോൾ എന്ത് തോന്നുന്നു?

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായി പുരസ്ക്കാരത്തെ കണക്കാക്കുന്നു. രണ്ട് പ്രളയകാലത്തും ആലപ്പുഴയിലുണ്ടായിരുന്നു. വലിയ പ്രതിസന്ധി നേരിട്ട സമയത്ത് മുന്നൊരുക്കങ്ങൾ നടത്തുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സാധിച്ചു. കഴിഞ്ഞ മഴക്കാലത്തും പമ്പയും കക്കി ഡാമും ഒരുമിച്ച് തുറന്നപ്പോഴും ആലപ്പുഴയ്ക്ക് വലിയ പരുക്കുകളില്ലാതെ കാത്ത് സൂക്ഷിക്കാനായി. കൊവിഡ് കാലത്ത് പ്രതിരോധ നടപടികൾക്ക് വേണ്ടി ഉയർന്ന് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. ചെറിയ ജില്ലയാണെങ്കിലും ആലപ്പുഴയിൽ ജനസാന്ദ്രത കൂടുതലാണ്. രോഗം വലിയ രീതിയിൽ വ്യാപിക്കാതെ പിടിച്ചു നിർത്താൻ സാധിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും, പ്രത്യേക ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കുന്നതിനുമടക്കം മുൻകൈയെടുക്കാൻ കഴിഞ്ഞു. 1500 പേരെ പാർപ്പിക്കാവുന്ന വലിയ സി.എഫ്.എൽ.ടി.സി ഡി.സി മില്ലിൽ ആരംഭിക്കാൻ സാധിച്ചതടക്കം പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്.

2. ഈ പ്രവർത്തനങ്ങളാണോ പുരസ്ക്കാരത്തിന് അർഹനാക്കിയത്?

എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നു. വികസന പ്രവർത്തനങ്ങൾക്കടക്കം ലീഡറായി മുന്നിട്ടിറങ്ങിയപ്പോൾ, പിന്തുണയുമായി മികച്ച ടീമും ഒപ്പം ചേർന്നു. ഇവയെല്ലാം ഘടകങ്ങളായി എന്ന് കരുതുന്നു.

3. കരിയർ വളർച്ച?

1990ൽ ലേബർ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 തസ്തികയിലായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അതേ വകുപ്പിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. അഡീഷണൽ ലേബർ കമ്മീഷണറായിരിക്കെയാണ് ഐ.എ.എസ് സെലക്ഷൻ ലഭിക്കുന്നത്. തുടർന്ന് ലേബർ കമ്മീഷണർ, കൊല്ലം, ആലപ്പുഴ സബ് കളക്ടർ, ഐ.ജി രജിസ്ട്രേഷൻ, കോ ഓപ്പറേറ്റീവ് രജിസ്ട്രാർ, ഹൗസിങ്ങ് ബോർഡ് സെക്രട്ടറി ആൻഡ് കമ്മീഷണർ തുടങ്ങിയ പദവികൾ കൈകാര്യം ചെയ്ത ശേഷമാണ് 2020ൽ ആലപ്പുഴയുടെ 52ാമത് ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്തത്.

4. റിട്ടയർമെന്റ് പ്ലാൻ?

പഠനകാലത്ത് കടലിൽ മത്സ്യബന്ധനത്തിന് പോകുമായിരുന്നു. അച്ഛൻ മത്സ്യത്തൊഴിലാളിയായിരുന്നു. ഔദ്യോഗിക തിരക്കുകൾ അവസാനിക്കുന്നതോടെ മത്സ്യമേഖലയുടെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്തെല്ലാം പ്രവർത്തനങ്ങളെന്ന് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടില്ല. മത്സ്യത്തൊഴിലാളിയായിരുന്നുവെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. ആ മേഖലയുടെ വികസനത്തിന് എന്നാലാവുന്നത് ചെയ്യാൻ ശ്രമിക്കും. ഭാര്യ ടെൽമയ്ക്കും മക്കളായ ടോമി അലക്സാണ്ടറിനും, ആഷ്മി അലക്സാണ്ടറിനുമൊപ്പം ഭാവികാലം സമാധാനവും സന്തോഷവുമായി തുടരാൻ ആഗ്രഹിക്കുന്നു.