ഹരിപ്പാട്: ആർ.എസ്.എസ് പ്രവർത്തകൻ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിൽ ആയിരുന്ന ഒന്നാംപ്രതി കുമാരപുരം പൊത്തപ്പള്ളി ചെട്ടിശേരിൽ വടക്കേതിൽ നന്ദു (കരി നന്ദു-26) വിനോടൊപ്പം റിമാൻഡിലായിരുന്ന കുമാരപുരം താല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ (25), പൊത്തപ്പള്ളി പീടികയിൽ ടോം തോമസ് (27), പൊത്തപ്പള്ളി കൂടൂർ വീട്ടിൽ വിഷ്ണുകുമാർ (29), താമല്ലാക്കൽ പുളിമൂട്ടിൽ കിഴക്കതിൽ സൂരജ് (20) എന്നിവരെയാണ് ഇന്നലെ തെളിവെടുപ്പിനായി ഇവരെ വീടുകളിൽ എത്തിച്ചത്. വിഷ്ണുവിന്റെയും ടോമിന്റെയും രക്തം പുരണ്ട വസ്ത്രങ്ങൾ വിഷ്ണുവിന്റെ വീട്ടിൽനിന്നും ശിവപ്രസാദിന്റെ വസ്ത്രങ്ങൾ സ്വന്തം വീട്ടിൽ നിന്നും കണ്ടെടുത്തു. വിഷ്ണുവിന്റെയും ശിവപ്രസാദിന്റെയും കയ്യിൽ സംഭവസമയത്ത് ആയുധങ്ങൾ ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികളുടെ മൊഴി. ഇതനുസരിച്ച് പൊലീസ് ഇവർ ഉപയോഗിച്ച കത്തികൾ കണ്ടെടുത്തു. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങൾ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ ഹാജരാക്കാൻ ഉടമസ്ഥരോട് പൊലീസ് ആവശ്യപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനായി ആറ്റിൽ ഇന്നലെയും പൊലീസ് തിരച്ചിൽ നടത്തിയെങ്കി​ലും കണ്ടെത്താനായിട്ടില്ല. കേസിൽ നന്ദു ഉൾപ്പടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുമേഷ് (33), കിഷോർ (34) എന്നിവർ റിമാൻഡി​ലാണ്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ കുമാരപുരം പുത്തൻ കരിയിൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടെയുണ്ടായ തർക്കത്തിലാണ് ശരത്ചന്ദ്രൻ കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനോജ്‌ വെട്ടേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. നന്ദുവാണ് ഇരുവരെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു.