ചേർത്തല: വയലാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന് 1.75 കോടി രൂപ അനുവദിച്ചതായി മന്ത്റി പി.പ്രസാദ് അറിയിച്ചു. കൊവിഡ് പോലുള്ള മാരക പകർച്ചവ്യാധികളെ തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഇത്തരത്തിൽ ഐസൊലേഷൻ വാർഡുകൾ നിർമിക്കുന്നുണ്ട്. 10 കിടക്കകളും അത്യാവശ്യ ഫർണിച്ചറുകളും ഉപകരണങ്ങളും ഉള്ള കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 33 മീ​റ്റർ നീളവും 16 മീ​റ്റർ വീതിയുമുള്ള കെട്ടിടം പ്രീഎൻജിനീയേഡ് സാങ്കേതിക വിദ്യയിലൂടെ അതിവേഗം പൂർത്തീകരിക്കുന്ന വിധമായിരിക്കും. നിർമ്മാണത്തിനായി 50 ശതമാനം തുക കിഫ്ബിയിൽ നിന്നും, 50 ശതമാനം തുക എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും കണ്ടെത്തും.