s

ആലപ്പുഴ : ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കാതെ പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചതോടെ കർഷകർ ആശങ്കയിൽ. ആദ്യം വി​ളവി​റക്കി​യ ചി​ത്തി​ര കായലി​ലാണ് ഇന്നലെ വി​ളവെടുപ്പ് ആരംഭിച്ചത്. പുഞ്ചകൃഷിയുടെ വിളവെടുപ്പിന് ആവശ്യമുള്ളതിന്റെ പകുതി യന്ത്രങ്ങൾ മാത്രമേ ഇതുവരെ കുട്ടനാട്ടിൽ എത്തിച്ചിട്ടുള്ളൂ.

കുട്ടനാട്, അപ്പർകുട്ടനാട്‌, ഓണാട്ടുകര മേഖലകളിൽ 700 പാടശേഖരങ്ങളിലായി 25,932 ഹെക്ടറിലാണ് ഇക്കുറി പുഞ്ചക്കൃഷി ഇറക്കിയത്. ഇത്രയും നിലത്തെ വിളവെടുപ്പിനായി 600 ഓളം യന്ത്റങ്ങൾ വേണ്ടിവരും. എന്നാൽ 310 യന്ത്റങ്ങൾ മാത്രമാണ് ഇപ്പോൾ ഏജന്റുമാർ എത്തിച്ചിട്ടുള്ളത്.

രണ്ടാംകൃഷി​യുടെ വി​ളവെടുപ്പ് കാലത്തും വേണ്ടത്ര കൊയ്ത്ത് യന്ത്റങ്ങൾ എത്തി​ക്കാതി​രുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കാലം തെറ്റി മഴകൂടി എത്തിയതോടെ അന്ന് ഒത്തിരി കർഷകരുടെ വിളവ് നശിച്ചു. പുഞ്ചകൃഷിയുടെ ഒൂുക്കങ്ങൾ വൈകുന്നതിനും ഇത് കാരണമായി. ജൂൺ​ പകുതിയോടെ പുഞ്ചകൃഷി വിളവെടുപ്പ് പൂർത്തീകരിക്കാനാണ് ലക്ഷ്യമി​ടുന്നത്. വെള്ളപ്പൊക്കം, മുഞ്ഞ, ഓലചുരുട്ടി, ഓരുജലം,വേലിയേറ്റം എന്നീ പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ് വിളവെടുപ്പ്. കാലംതെറ്റി വേനൽമഴയെത്തിയാൽ കണക്കുകൂട്ടലുകൾ അസ്ഥാനത്താകും. കഴിഞ്ഞ ഡിസംബർ 31നാണ് രണ്ടാം കൃഷിയുടെ വിളവെടുപ്പ് അവസാനിച്ചത്.

പുഞ്ചകൃഷിയും വേനൽമഴയും

1.സമയബന്ധിതമായി വിളവെടുപ്പ് പൂർത്തിയാക്കിയില്ലെങ്കിൽ വേനൽമഴ വില്ലനാകും

2.എല്ലാ പാടശേഖരങ്ങളിലും ഒരുമിച്ച് വിളവെ‌ടുപ്പ് വരാത്തത് ആശ്വാസമാകും

3.രണ്ടാംകൃഷിയുടെ വിളവെടുപ്പ് വൈകിയതിനാലാണ് ചില പാടങ്ങളിൽ വിത വൈകിയത്

4.നെല്ല് സംഭരണം, ചുമട്ടുകൂലി, വാരുകൂലി എന്നിവയിൽ ഉടൻ തീരുമാനമാക്കണം

5. വേനൽമഴയിൽ കൃഷി നശിച്ചാൽ കർഷകർ കടക്കെണിയിലാകും

കൊയ്ത്ത് യന്ത്ര വാടക കൂട്ടി

ഇക്കുറി കൊയ്ത്ത് യന്ത്രത്തിന് വാടക മണിക്കൂറിന് നൂറുരൂപ വീതം കൂട്ടിയതും കർഷകർക്ക് തിരിച്ചടിയായി. സാധാരണ പ്രദേശത്ത് മണിക്കൂറിന് 1900 രൂപയും വള്ളത്തിൽ കയറ്റിക്കൊണ്ടുപോകുന്ന സ്ഥലത്ത് 2000 രൂപയും മണിക്കൂറിന് ഈടാക്കാനാണ് ഏജന്റുമാരുടെ തീരുമാനം. കഴിഞ്ഞവർഷം ഇത് മണിക്കൂറിന് 1800, 1900 രൂപ എന്നിങ്ങനെയായിരുന്നു. പുഞ്ചക്കൊയ്ത്തിനായി കൂടുതൽ യന്ത്രങ്ങൾ എത്തിക്കാൻ കഴിഞ്ഞ ദിവസം നടന്ന ഉന്നത തലയോഗം നിർദ്ദേശം നൽകി. കുട്ടനാട്ടിൽ മാർച്ച് അവസാനത്തോടെയാണ് പുഞ്ചക്കൊയ്ത്തു തുടങ്ങുക. ഏപ്രിലിൽ കർണാടകയിലും ആന്ധ്രയിലും കൊയ്ത്താരംഭിക്കും. അവിടെനിന്നുള്ള യന്ത്രങ്ങൾ വരാതാകുകയോ വന്നുമടങ്ങുകയോ ചെയ്താൽ കുട്ടനാട്ടിൽ വലിയതോതിൽ യന്ത്രക്ഷാമമുണ്ടാകും.

പ്രതിഷേധം

പുഞ്ചക്കൊയ്ത്തു സംബന്ധിച്ചു ചേർന്ന ജില്ലാതല യോഗത്തിൽ കർഷകസംഘടനകളെയും പാടശേഖര പ്രതിനിധികളെയും ഒഴിവാക്കിയെന്ന് ആരോപണം. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഏതാനും കൊയ്ത്തു യന്ത്ര ഏജൻസികളും സർക്കാരിനെ അനുകൂലിക്കുന്ന സംഘടനകളുടെ നേതാക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് ആക്ഷേപം.

രണ്ടാംകൃഷി ഇങ്ങനെ

(വിസ്തൃതി ഹെക്ടറിൽ)

ആകെ വിസ്തൃതി...........................................30,000

വിളവിറക്കിയത്............................................ 25,932

പാടശേഖരങ്ങൾ.............................................700

കൊയ്ത്തിന് ആവശ്യമായ യന്ത്രങ്ങൾ............ 600

ഇതുവരെ എത്തിച്ച യന്ത്രങ്ങൾ...................310

" വേനൽമഴയ്ക്ക് മുമ്പ് പുഞ്ചകൃഷിയുടെ വിളവെടുപ്പ് വേഗത്തിൽ പൂർത്തീകരിക്കാൻ കൂടുതൽ യന്ത്രങ്ങൾ എത്തിക്കുന്നതിന് ഏജന്റുമാരുടെ യോഗം ഉടൻ വിളിക്കും. 310യന്ത്രങ്ങളാണ് ആദ്യഘട്ടത്തിൽ ലഭിച്ചിട്ടുള്ളത്

- ശ്രീരേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ

"അന്യസംസ്ഥാനങ്ങളിൽ കൊയ്ത്ത് ആരംഭിക്കുമ്പോൾ ജില്ലയിൽ കൊയ്ത്തു യന്ത്രക്ഷാമം സൃഷ്ടിച്ച് ഏജന്റുമാർ കൂടുതൽ വാടക ഈടാക്കുന്നത് തടയാൻ ജില്ലാ ഭരണകൂടം ജാഗ്രത പുലർത്തണം. വേനൽക്കാലത്തെ വിളവെടുപ്പായതിനാൽ സംഭരണത്തിലെ കിഴിവ് പൂർണമായും ഒഴിവാക്കണം

- പി. സുരേന്ദ്രൻ, വൈസ് ചെയർമാൻ, കരിനില വികസന ഏജൻസി, പുറക്കാട്