ambala
പുനർനിർമ്മിക്കാൻ പൊളിച്ചിട്ട അറവുകാട് - ഗുരുപാദം റോഡ്.

പുനർനിർമ്മാണത്തിനായി പൊളിച്ചിട്ട റോഡുകളിൽ തുടർനടപടികളില്ല

അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പുനർനിർമ്മാണത്തിനായി പൊളിച്ച റോഡുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ നീയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൊളിച്ച റോഡുകളുടെ നിർമ്മാണം പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇതു വഴി ഇരുചക്ര വാഹനയാത്രയടക്കം ബുദ്ധിമുട്ടാണ്. മെറ്റലിൽ കയറി വീണ് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.

റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ അടിയന്തരഘട്ടത്തിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോ റിക്ഷകൾ പോലും എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. പരാതിപ്പെടുമ്പോൾ കുറച്ചു ഗ്രാവൽ നിരത്തി വെള്ളമൊഴിച്ചു ഉറപ്പിച്ചതിനു ശേഷം തൊഴിലാളികൾ പോയാൽ പിന്നെ ഒരു നടപടിയുമുണ്ടാകാറില്ല. കഴിഞ്ഞ ദിവസം അറവുകാട് ഹരിജൻ കോളനി റോഡ് കുത്തിപ്പൊളിച്ചപ്പോൾ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി സാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തിൽ കരാറുകാരൻ ഉറപ്പു നൽകിയതിനെത്തുടർന്നാണ് ബാക്കി പ്രവൃത്തികൾ തുടരാനായത്. പഞ്ചായത്തിൽ ദേശീയ പാതയ്ക്ക് കിഴക്കു ഭാഗത്തുള്ള മിക്ക ഗ്രാമീണ റോഡുകളും പുനർനിർമ്മാണത്തിനായി പൊളിച്ചിട്ടിട്ട് മാസങ്ങളായി.

പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ

 ആറാം വാർഡിലെ പൊലീസ് സ്റ്റേഷൻ - പൊന്നാകരി റോഡ്

 പത്താം പീയൂസ് - പാലയ്ക്കാപ്പള്ളി റോഡ്

 കള്ളാട് - കളരിക്കൽ, പരപ്പിൽ റോഡ്

 എട്ടാം വാർഡിലെ യു.പി സ്ക്കൂൾ - കൈതക്കാട് റോഡ്

 4-ാം വാർഡിലെ അറവുകാട് - ഗുരുപാദം റോഡ്

 കമ്യൂണിറ്റി ഹാൾ - ഹരിജൻ കോളനി റോഡ്

റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ, വൃദ്ധജനങ്ങളേയും രോഗികളെയും ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനങ്ങൾ വരാത്ത സ്ഥിതിയാണ് .റോഡുകളുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണം

-ഹസൻ പൈങ്ങാമഠം, പ്രസിഡന്റ്, പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി