കായംകുളം: മുൻകൂർ അനുമതി എന്ന സാങ്കേതികത്വത്തിന്റെ മറവിൽ വിവിധ പദ്ധതികളിൻമേൽ കായംകുളം നഗരസഭയിൽ അഴിമതി നടക്കുന്നതായി ബി.ജെ.പി ആരോപിച്ചു. താലൂക്കാശുപത്രിയിൽ ചെറിയ ഖരമാലിന്യ നിർമാർജന യന്ത്രം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നഗരസഭയുടെ തീരുമാനം ഏതാണ്ട് ആറ് മാസക്കാലത്തോളം വച്ചു താമസിപ്പിച്ച ശേഷം ഒരു തട്ടിപ്പു കമ്പനിയ്ക്ക് ഇപ്പോൾ മുൻകൂർ അനുമതി നൽകിയതിന്റെ പിന്നിലും അഴിമതിയാണന്ന് അവർ പറയുന്നു.
ഇൻസിനറേറ്റർ കമ്പനിക്കാരുമായി കോഴപ്പണത്തിന്റെ കാര്യത്തിൽ തീരുമാനമാകാഞ്ഞതുകൊണ്ടാണ് ഇത്രയും കാലം പദ്ധതി നടപ്പിലാക്കാൻ നഗരഭരണ നേതൃത്വം ഉത്സാഹം കാണിക്കാതിരുന്നത് .
ഇപ്പോൾ പല നല്ല കമ്പനികളേയും മാറ്റി നിർത്തിക്കൊണ്ട് വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും പേരുകേട്ട കൊല്ലത്തുള്ള ഒരു തട്ടിപ്പു കമ്പനിയ്ക്ക് ആരോടുമാലോചിക്കാതെ കരാർ നൽകുകയായിരുന്നു.
ഏതാണ്ട് 10 ലക്ഷത്തോളം രൂപ മാത്രം ചെലവു വരുന്ന ഒരു ചെറിയ ഇൻസിനറേറ്റർ യൂണിറ്റ് സ്ഥാപിക്കാൻ 18ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയിട്ടുള്ളത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽപ്പോലും ചർച്ച ചെയ്യാതെയാണ് ഈ കമ്പനിയ്ക്ക് ചെയർപഴ്സൺ മുൻകൂർ അനുമതി നൽകിയിരിക്കുന്നത്. അടിയന്തിര കൗൺസിലിൽ മുൻകൂർ അനുമതി പാസായതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പാർലി.പാർട്ടി ലീഡർ ഡി.അശ്വിനി ദേവ് ,കൗൺസിലർമാരായ ലേഖാ മുരളീധരൻ ,രാജശ്രീ കമ്മത്ത് എന്നിവർ പറഞ്ഞു.