ആലപ്പുഴ: മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭ എൻജിനീയറിംഗ് വിഭാഗം ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് പെർമിറ്റ് നൽകുന്നതിനായി ഉദ്യോഗസ്ഥരെയും കരാർ കമ്പനി ഉടമകളേയും പങ്കെടുപ്പിച്ച് നഗരസഭയിൽ യോഗം ചേർന്നു.
മൊബിലിറ്റി ഹബ്ബ് ഹെറിറ്റേജ് സോണിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ നിർമ്മാണത്തിന് പ്രത്യേക അംഗീകാരം ലഭിക്കുന്നതിന് ഹെറിറ്റേജ് കമ്മറ്റിയിലേക്ക് പ്ലാനും ആവശ്യമായ എല്ലാ രേഖകളും സഹിതം 28നകം സമർപ്പിക്കും.
ഈ പ്ലാൻ സംയുക്തമായി പരിശോധിച്ച് താമസമില്ലാതെ ഹെറിറ്റേജ് കമ്മറ്റിക്ക് സമർപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതാണന്ന് മുനിസിപ്പൽ എൻജിനീയറും ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസറും യോഗത്തെ അറിയിച്ചു.
നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ബാബു, മുനിസിപ്പൽ സെക്രട്ടറി ബി. നീതുലാൽ, മുനിസിപ്പൽ എൻജിനീയർ ഷിബു എൽ.നാൽപ്പാട്ട്, കൗൺസിലർ എം.ആർ. പ്രേം, ഇൻകൽ ലിമിറ്റഡ് പി.എം. ജേക്കബ് സി.കൈലാത്ത്, ആലപ്പുഴ കെ.എസ്.ആർ.ടി.സി എ.ടി.ഒ അശോക് കുമാർ, ടൗൺ പ്ലാനർ ജോസഫ് കെ.എഫ് എന്നിവർ പങ്കെടുത്തു.