
കുറ്റപത്രം സമർപ്പിച്ചു,വിചാരണ ഉടൻ ആരംഭിക്കും
ചേർത്തല:വയലാറിൽ ആർ.എസ്.എസ് ശാഖാ ഗഡനായക് വയലാർ നാഗംകുളങ്ങര തട്ടാപറമ്പ് നന്ദുകൃഷ്ണ(22) വെട്ടേറ്റുമരിച്ച സംഭവത്തിന് ഇന്ന് ഒരാണ്ട് തികയും.സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.വിചാരണ ഉടൻ ഉണ്ടാകും.
വയലാർ നാഗംകുളങ്ങര കവലയിൽ 2021 ഫെബ്രുവരി 24 ന് രാത്രി 8ന് എസ്.ഡി.പി.ഐ-ആർ.എസ്.എസ് സംഘർഷത്തിനിടെയാണ് നന്ദുകൃഷ്ണ കഴുത്തിന് വെട്ടേറ്റുമരിച്ചത്. കൂടെയുണ്ടായിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ കെ.എസ്.നന്ദുവിന്റെ ഇടതുകൈയ്ക്കും ഗുരുതരമായി വെട്ടേറ്റിരുന്നു.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള 31പേരും പ്രതികൾക്ക് സഹായം നൽകിയ ഒമ്പതു പേരുമടക്കം 40 പേരെ പ്രതിയാക്കിയാണ് പൊലീസ് 164 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.കൊലപാതകം,കൊലപാതകശ്രമം,ആയുധംകൈവശം സൂക്ഷിക്കൽ,സംഘംചേരൽ,ഗൂഢാലോചന തുടങ്ങി 12 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.144 സാക്ഷികളാണുള്ളത്.കൊലയ്ക്ക് ഉപയോഗിച്ച വാൾ,പ്രതികൾ സഞ്ചരിച്ച വാഹനം തുടങ്ങിയവ തെളിവായും സമർപ്പിച്ചിട്ടുണ്ട്.
24ന് എസ്.ഡി.പി.ഐ നടത്തിയ രാഷ്ട്രീയ പ്രചാരണ ജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ വൈകിട്ടോടെ എസ്.ഡി.പി.ഐയും ആർ.എസ്.എസും വയലാറിൽ പ്രകടനം നടത്തി. പൊലീസ് കാവലിലായിരുന്നു പ്രകടനങ്ങളെങ്കിലും പിരിഞ്ഞു പോയ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയായിരുന്നു നന്ദുകൃഷ്ണ കൊല്ലപ്പെട്ടത്. കൊടുവാൾ ഉപയോഗിച്ച് കഴുത്തിന്റെ ഇടത് വശത്ത് വെട്ടേറ്റതാണ് മരണകാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കേസിലെ 40 പ്രതികളെയും ചേർത്തല പൊലീസ് അറസ്റ്റു ചെയ്തു.ചേർത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സംഭവത്തിന് പിറ്റേന്ന് തന്നെ എട്ടുപേർ പിടിയിലായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അവസാനത്തെ അറസ്റ്റ്. കൊലപാതകത്തിന് ശേഷം ചേർത്തല നഗരത്തിലും വയലാറിലും വീടുകൾക്കും കടകൾക്കും നേരെ അക്രമമുണ്ടായിരുന്നു.അടുത്തിടെ മണ്ണഞ്ചേരിയിലും ആലപ്പുഴയിലുമായി നടന്ന ഇരട്ട കൊലപാതകം ഇതിന്റെ തുടർച്ചയായാണ് കണക്കാക്കുന്നത്.