ചാരുംമൂട്: ഡി.വൈ.എഫ്.ഐ പാലമേൽ വടക്ക് മേഖലാ സെക്രട്ടറി അനന്ദുവിന്റെ വീട് ആക്രമിക്കുകയും വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. മുതുകാട്ടുകര വിഷ്ണുഭവനം ബിനു വിജയൻ (21) നൂറനാട് കോടംപറമ്പിൽ മുഹമ്മദ് ഹാഫിസ് (21) എന്നിവരാണ് പിടിയിലായത്.
പരസ്യമായ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ നൂറനാട്ട് വച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ റിമാന്റിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയതായി സി.ഐ വി.ആർ. ജഗദീഷ് പറഞ്ഞു. അക്രമത്തിനുപയോഗിച്ച ബൈക്ക് പൂഞ്ഞാറിലെ ഒരു ലോഡ്ജിൽ നിന്നും കണ്ടെടുത്തു.സി.സി.ടി.വി ദൃശ്യങ്ങളിലൂടെയായിരുന്നു അക്രമത്തിനെത്തിയവരെ തിരിച്ചറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.