s

രണ്ടാംഘട്ട നിർമ്മാണത്തിന് ടെണ്ടറായി

ആലപ്പുഴ: വലിയ പ്രതീക്ഷയോടെ നിർമ്മിച്ചിട്ടും ജില്ലയുടെ കായിക രംഗത്തിന് ഒരുപകാരവുമില്ലാതെ പോയ ഇ.എം.എസ് സ്റ്റേഡിയം നവീകരിക്കാനുള്ള നടപടികൾക്ക് തുടക്കമാകുന്നു. സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് ടെണ്ടറായി. പത്തര കോടി രൂപയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. സ്റ്റേഡിയത്തിന്റെ സിവിൽ വർക്കുകൾക്കും ഫീൽഡിൽ ഉന്നത നിലവാരത്തിലുള്ള പുല്ല് വച്ചുപിടിപ്പിക്കുന്നതിനും 4.5 കോടി രൂപയുടെ ടെണ്ടറാണ് ആദ്യ ഘട്ടം. അന്തർദേശീയ നിലവാരത്തിലെ ട്രാക്ക് സ്ഥാപിക്കുന്നതിനാണ് അടുത്ത 6 കോടിയുടെ ടെണ്ടർ. നിയമപ്രശ്നങ്ങൾ മൂലം കാലതാമസമുണ്ടായപ്പോൾ പദ്ധതിച്ചെലവ് അധികരിച്ചു. ഇതോടെ കിഫ്ബിയിൽ അപേക്ഷ സമർപ്പിച്ച് അധിക തുക അനുവദിപ്പിക്കേണ്ടി വന്നതായി നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് വ്യക്തമാക്കി. നിലവിൽ സ്വകാര്യ ചികിത്സാ കേന്ദ്രം, ഭക്ഷണശാല തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളാണ് സ്റ്റേഡിയത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.

പദ്ധതി തുക: 10 കോടി

തടയിടാൻ ലോബി?

സ്റ്റേഡിയം നിലനിൽക്കുന്ന സ്ഥലം സംബന്ധിച്ച അവകാശവാദവും, സ്വകാര്യ വ്യക്തികൾ വാങ്ങിയെടുത്ത സ്റ്റേ ഉത്തരവുകളുമാണ് വികസനത്തിന് തടസമായി നിന്നത്. സ്റ്റേഡിയത്തിലെ 2.5 സെന്റ് സ്ഥലം തന്റേതാണെന്നാണ് സ്വകാര്യ വ്യക്തിയുടെ വാദം. എന്നാൽ ഹൈക്കോടതിയിൽ ഇത് തെളിയിക്കാൻ സാധിക്കാത്തതിനാൽ തടസങ്ങൾ മാറിക്കിട്ടി. സ്പോർട്സ് ഡയറക്ടറേറ്റിൽ നിന്നും സാങ്കേതികാനുമതിയും സർക്കാർ അനുമതിയും കിറ്റ്ക്കോയുടെ ക്ലിയറൻസ് അടക്കം നിരവധി കടമ്പകൾ കടന്നാണ് നടപടി ടെണ്ടർ വരെയെത്തിയത്. സ്വകാര്യ വ്യക്തികൾ വീണ്ടും സ്റ്റേ വാങ്ങാൻ ശ്രമിച്ചാൽ അതിന് തടയിടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് നഗരസഭാധികൃതർ പറയുന്നു.

ചരിത്രം

2006ൽ ആരംഭിച്ച സ്റ്റേഡിയം നിർമാണം ആദ്യ ഘട്ടം പൂർത്തിയാക്കിയതോടെ 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഉദ്ഘാടനം നിർവഹിച്ചത്. വിജിലൻസ് അന്വേഷണത്തിൽ കുടുങ്ങി തുടർ നിർമ്മാണ പ്രവർത്തനങ്ങൾ അവതാളത്തിലായി. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവിലിയൻ, ബാത്ത് റൂം, ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഫുട്ബാൾ മൈതാനം, ട്രിപ്പിൾ, ലോംഗ്ജമ്പ് പിറ്റുകൾ, കായിക താരങ്ങൾക്കുള്ള താമസസൗകര്യം എന്നിവ പൂർത്തിയായിരുന്നു.

പദ്ധതി നടക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു ലോബി ആലപ്പുഴയിലുണ്ട്. എന്നാൽ കായികപ്രേമികളും രാഷ്ട്രീയ ഭരണ നേതൃത്വവും നഗരസഭയ്ക്കൊപ്പമുണ്ട്. എത്രയും വേഗം ടെണ്ടർ നടപടികൾ പൂർത്തിയാക്കി നവീകരണം ആരംഭിക്കും

- സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ

രണ്ടാംഘട്ട നിർമ്മാണം അടുത്ത മാസം ആരംഭിക്കും

അമ്പലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം അടുത്ത മാസം ആരംഭിക്കുന്നതിനുള്ള നടപടി പൂർത്തീകരിച്ചതായി എച്ച്.സലാം എം എൽ എ പറഞ്ഞു. ടർഫ് ഫുട്ബാൾ ഗ്രൗണ്ട്, 8ലൈനിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആലപ്പുഴയിൽ ഒരു സ്റ്റേഡിയം എന്ന സ്വപ്നത്തിന് ചിറക് നൽകിയത് ഡോ.തോമസ് ഐസക്കും ജി.സുധാകരനും അംഗങ്ങളായ ഒന്നാം പിണറായി സർക്കാരാണ്.അന്ന് കിഫ്ബിയിൽ നിന്ന് 8കോടി രൂപ അനുവദിച്ചിരുന്നു. ഡി.പി.ആർ തയ്യാറാക്കി മുന്നോട്ട് പോയെങ്കിലും ഭൂമി സംബന്ധമായ തർക്കങ്ങൾ ഉൾപ്പടെ നിരവധി തടസങ്ങൾ ഉണ്ടായതിനാൽ നിർമ്മാണമാരംഭിക്കാൻ കഴിഞ്ഞില്ല. യു ഡി എഫ് ഭരണത്തിലായിരുന്ന നഗരസഭ സ്റ്റേഡിയം നിർമ്മാണത്തിനായി ഭൂമി കൈമാറിയിരുന്നില്ല. സൗമ്യരാജിന്റെ നേതൃത്വത്തിൽ എൽ.ഡി. എഫ് സമിതി നഗരസഭയിൽ അധികാരത്തിലെത്തിയതോടെയാണ് ഭൂമി കൈമാറിയത്. നേരത്തെ 8,61,88,173 കോടി രൂപയായിരുന്ന എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 10,74,43,994 ആയി വർദ്ധിച്ചു. അധികമായി വന്ന പണവും കിഫ്ബി അനുവദിച്ചു. സമയബന്ധിതമായി സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ സഹായിച്ച കായിക വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാനും യുവജന കാര്യമന്ത്രി സജിചെറിയാനും എച്ച് .സലാം എം.എൽ.എ നന്ദി അറിയിച്ചു.