
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഡിജിറ്റൽ എക്‌സ് റേ യൂണിറ്റ് അടുത്തമാസം മുതൽ
ആലപ്പുഴ : മൃഗങ്ങളുടെ രോഗ നിർണയം വേഗത്തിൽ കണ്ടെത്തുന്നതിനായുള്ള ആധുനിക ഡിജിറ്റൽ എക്‌സ് റേ യൂണിറ്റിന്റെ പ്രവർത്തനം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അടുത്തമാസം അവസാനത്തോടെ ആരംഭിക്കും. 20ലക്ഷം രൂപ മുടക്കി വാങ്ങിയ 'സ്‌കാൻ റാഡ് 400 എം.എം മെഷീൻ' അഞ്ചു മിനിട്ടിനുള്ളിൽ പരിശോധനാഫലം ലഭിക്കുന്ന സംവിധാനമാണ്.
മെഷീന്റെ പ്രവർത്തനത്തിനാവശ്യമായ റെഡ് ലൈൻ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തീകരിക്കാൻ ഒരു ലക്ഷം രൂപ വേണം. ഈ തുക ലഭ്യമാക്കാൻ ആശുപത്രി അധികൃതർ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ കമ്പനി നിയോഗിച്ച എൻജിനീയർ ജില്ലാ വെറ്ററിനറി കേന്ദ്രം സന്ദർശിച്ചാണ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയത്. നിലവിലെ ലാബിനോട് ചേർന്നുള്ള ഭാഗത്താണ് എക്‌സറേ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. സ്‌കാൻ റാഡ് 400 എം.എം മെഷീൻ സ്ഥാപിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ കേന്ദ്രമാണ് ആലപ്പുഴ.
തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിലും തൃശൂരിൽ സ്വകാര്യ ആശുപത്രിയിലുമാണ് സ്‌കാൻ റാഡ് 400എം.എം മെഷീൻ നിലവിലുള്ളത്. ഇപ്പോഴത്തെ കയർ കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ മുൻകൈയെടുത്താണ് മെഷീൻ വാങ്ങാൻ തുക നീക്കിവച്ചത്.
പരിശോധനാഫലം വേഗത്തിൽ
1.മൃഗങ്ങളുടെ ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ 5 മിനിട്ടിനുള്ളിൽ പരിശോധിച്ചറിയാം
2.സ്വകാര്യ ലാബുകളിൽ പരിശോധനാ ഫലത്തിന് ഒരുമണിക്കൂർ കാത്തിരിക്കണം.
3.സ്വകാര്യ ലാബുകളിൽ ഫീസ് 500രൂപ,സർക്കാർ ആശുപത്രിയിൽ സൗജന്യം
മെഷീന്റെ പ്രവർത്തനം
രോഗം ബാധിച്ച മൃഗങ്ങളെ മെഷീന്റെ ടേബിളിൽ കിടത്തി ബെൽറ്റ് ഇട്ട് എക്‌സ് റേ എടുക്കേണ്ടഭാഗം അടയാളപ്പെടുത്തിയാൽ മെഷീൻ തന്നെ കൃത്യസ്ഥലത്ത് ഫോക്കസ് ചെയ്തു എക്‌സ് റേ എടുക്കും. റേഡിയേഷൻ കുറവായിരിക്കും
20 :മെഷീന്റെ വില ഇരുപത് ലക്ഷം രൂപ
ഡിജിറ്റൽ എക്‌സ് റേ യൂണിറ്റിന്റെ നിർമ്മാണം പൂർത്തീകരിക്കാനുള്ള തുക അടിയന്തരമായി അനുവദിക്കും. മൃഗങ്ങളുടെ രോഗ നിർണയം നടത്തി വേഗതയിൽ ചികിത്സ ഉറപ്പാക്കി സാധാരണക്കാർക്ക് ആശ്വാസം ലഭിക്കുന്ന യൂണിറ്റ് വൈകാതെ ഉദ്ഘാടനം ചെയ്യും.
-കെ.ജി. രാജേശ്വരി, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
'റെഡ് ലൈൻ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തീകരിക്കാൻ ഒരു ലക്ഷം രൂപ വേണ്ടിവരും. ഇത്രയും തുക അനുവദിച്ച് കിട്ടാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-ഡോ. വിനയകുമാർ, ചീഫ് ഓഫീസർ, ജില്ലാ വെറ്ററിനറി കേന്ദ്രം, ആലപ്പുഴ