ആലപ്പുഴ : വീതികുറഞ്ഞ പാലങ്ങൾ പുതുക്കിപ്പണിയുന്ന ജോലികൾ മന്ദഗതിയിലായതോടെ നഗരം വീണ്ടും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. വിദ്യാലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചതോടെ നഗരത്തിൽ രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, മുപ്പാലം എന്നിവ 2019 ഡിസംബറിലാണ് പുതുക്കിപ്പണിയാൻ ആരംഭിച്ചത്. നഗരത്തിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന പ്രധാനപാലമാണ് ശവക്കോട്ട, കൊമ്മാടി പാലങ്ങൾ.
ശവക്കോട്ടപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ഇനിയും ആറുമാസം വേണ്ടിവരും. പാലത്തിന്റെ ഇരു കരകളിലും അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമറാത്തതാണ് നിർമ്മാണം വൈകിപ്പിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകാൻ 4.36 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ മൂന്ന് മാസം വേണ്ടിവരും.
കൊമ്മാടി പാലം
കൊമ്മാടി പാലത്തിന്റെ എട്ട് ബീമിൽ ഒന്ന് മാത്രമാണ് നിർമ്മിച്ചത്. ശേഷിച്ച ജോലികൾ പൂർത്തീകരിക്കണമെങ്കിൽ ഒരുവർഷം വേണ്ടിവരും. നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ കരാറുകാരിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും.
നാല്പാലം
പടിഞ്ഞാറൻ പ്രദേശത്തെ ഗതാഗത തടസം ഒഴിവാക്കാൻ മുപ്പാലം നാല്പാലമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. വാടക്കനാൽ, കോമേഴ്‌സ്യൽ കനാലുകളെ ബന്ധിപ്പിക്കുന്ന ഉപ്പുറ്റി കനാലിന് കുറകേയുള്ള പാലങ്ങളുടെ പൈലിംഗ്, പില്ലർ ജോലികൾ പൂർത്തികരിച്ചു. 36ബീമുകളിൽ 11എണ്ണം മാത്രമാണ് പൂർത്തീകരിച്ചത്. ഏഴ് ബീമുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ആദ്യഘട്ടത്തിൽ രണ്ട് പാലങ്ങൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. . 7.44കോടിരൂപയാണ്.നിർമ്മാണചെലവ് 1
90 : നിലവിൽ മുകൾഭാഗത്തെ സ്ളാബ് ഉൾപ്പെടെയുള്ള ശവട്ടോട്ടപ്പാലത്തിന്റെ 90ശതമാനം കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു.
'ആദ്യം രണ്ട് പാലങ്ങൾ ഉടൻ പൂർത്തികരിച്ച് ഗതാഗത്തിന് തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ്.
- രാധാകൃഷ്ണൻ, അസി.എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്
"ശവക്കോട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ വൈകുന്നതാണ് നിർമ്മാണം പൂർത്തികരിക്കുന്നതിൽ തടസം. മൂന്ന് മാസത്തിനുള്ളിൽ സ്ഥലം ലഭ്യമാക്കാമെന്ന് സ്ഥലം ഏറ്റെടുക്കൽ വിഭാഗം ഉറപ്പ് നൽകിയിട്ടുണ്ട്.
- കേരള റോഡ് ഫണ്ട് ബോർഡ്