ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് മുൻകൂറായി നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമെന്ന ജില്ലാഭരണകൂടത്തിന്റെ ഉറപ്പ് പാലിക്കാതെ പോകുന്നു. ഇതോടെ വ്യാപാരികൾ കടമുറി പൊളിക്കാൻ വരുന്നവരുമായി സംഘർഷസാദ്ധ്യതയ്ക്ക് ആക്കം കൂട്ടുകയാണ്. കച്ചവട / വാടക സ്ഥാപനങ്ങൾക്ക് പുനരധിവാസത്തിനുള്ള ഒറ്റത്തവണ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ വ്യാപാരികളിൽ നിന്ന് നേരത്തെ എഴുതി വാങ്ങിയിരുന്നു. എന്നാൽ കെട്ടിടം പൊളിക്കാൻ അധികൃതർ എത്തിയെങ്കിലും നഷ്ടപരിഹാര തുക വ്യാപാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. കെട്ടിടത്തിന്റെ വിസ്തീർണം, ജീവനക്കാരുടെ എണ്ണം, കെട്ടിട പഴക്കം,വാടകക്കരാറിന്റെ പകർപ്പ്, ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷ നൽകിയിരിക്കുന്നത്. കെട്ടിടം ഒഴിയുന്നവർക്ക് പകരം സ്ഥലം കണ്ടെത്തി തരുമെന്ന വാഗ്ദാനവും അധികൃതർ കാറ്റിൽ പറത്തിയിരിക്കുകയാണ്. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് നഷ്ടപരിഹാരത്തെപ്പറ്റി ധാരണയായത്.
..........
കുടിയൊഴിക്കപ്പെടുന്നത്......... കായംകുളം മുതൽ അരൂർ വരെ
വ്യാപാരികൾ...............................2950
......
കുടിയൊഴിപ്പിക്കും മുമ്പ് നഷ്ടപരിഹാരത്തുക പൂർണമായി നൽകുമെന്ന് ജില്ലാ കളക്ടറുടെ യോഗത്തിൽ ഉറപ്പ് ലഭിച്ചതോടെയാണ് വ്യാപാരികൾ സമരത്തിൽ നിന്ന് പിൻമാറിയത്. എന്നാൽ സകല ഉറപ്പുകളും കാറ്റിൽ പറത്തിയാണ് കഴിഞ്ഞദിവസം മുതൽ കെട്ടിടം പൊളിക്കാൻ ആളുകളെത്തി തുടങ്ങിയത്. പൂർണതുക ലഭിക്കുന്നത് വരെ വ്യാപാരികൾ കടയ്ക്കകത്തുണ്ടാവും.
രാജു അപ്സര, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി