
ആലപ്പുഴ: ആലപ്പുഴ ലളിതകലാ അക്കാഡമി ഹാളിൽ നടക്കുന്ന കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസിന്റെ ചിത്രപ്രദർശനം 'ലൈഫ്' ശ്രദ്ധേയമാകുന്നു. പ്രായഭേദമന്യേയാണ് ചിത്രകലാ ആസ്വാദകർ പ്രദർശനം കാണാനെത്തുന്നത്. ആലപ്പുഴ എസ്.ഡി.വി ബോയ്സ് സ്കൂളിലെ ചിത്രകലാദ്ധ്യാപകൻ ജിനു ജോർജ്ജിന്റെ നേതൃത്വത്തിൽ സ്കൂൾ ഡ്രോയിംഗ് ക്ലബിലെ അംഗങ്ങളായ മുപ്പതോളം വിദ്യാർത്ഥികൾ ഇന്നലെ പ്രദർശനം കാണാനെത്തി. ചിത്രരചനയെ കുറിച്ച് അടിസ്ഥാന പാഠങ്ങൾ മനസിലാക്കി വരുന്ന തങ്ങൾക്ക് പ്രദർശനത്തിലെ വ്യത്യസ്തങ്ങളായ ചിത്രങ്ങളും ആംഗിളുകളും പാഠപുസ്തകമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ഹൃദയസ്പർശിയായ ചിത്രങ്ങളാണ് പ്രദശനത്തിൽ കാണാനായതെന്ന് അദ്ധ്യാപകൻ ജിനു ജോർജ്ജ് പറഞ്ഞു. പ്രദർശനം 27ന് വൈകിട്ട് 6.30 വരെ തുടരും.