unif

ആലപ്പുഴ: കലവൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രാബല്യത്തിൽ വന്നു. പാന്റ്സും ഷർട്ടും ധരിച്ചെത്തിയ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയുടെ നേതൃത്വത്തിൽ പൂക്കൾ നൽകിയാണ് വരവേറ്റത്. കാലാനുസൃതമായ മാറ്റങ്ങളുടെ ഭാഗമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിയെന്നും തുല്യതാ സങ്കൽപ്പം ശക്തിപ്പെടുത്താൻ ഇത് സഹായകമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കലവൂർ സ്‌കൂളിലെ വിദ്യാർത്ഥികളും പി.ടി.എയും അദ്ധ്യാപകരും ഒരേ മനസോടെ യൂണിഫോം പരിഷ്‌കരണത്തെ പിന്തുണച്ചു. ആദ്യ ഘട്ടത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്രമാണിത് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി.പ്രിയ, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്ത്, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.സന്തോഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം തിലകമ്മ വാസുദേവൻ, സ്‌കൂൾ പ്രിൻസിപ്പൽ ബി.ദീപ്തി, ഹെഡ് മാസ്റ്റർ ജെ.ഗീത തുടങ്ങിയവരും ചേർന്നാണ് കുട്ടികളെ വരവേറ്റത്.