
ആലപ്പുഴ : സ്ഥിരമായ സെർവർ തകരാർ റേഷൻവിതരണത്തെ അവതാളത്തിലാക്കുന്നു. രാവിലെ മുതൽ ഉച്ച വരെയാണ് വിരലടയാളം സെർവറുമായി ലിങ്കാവാത്ത വിഷയം രൂക്ഷമാകുന്നത്. ഇതോടെ പല ഉപഭോക്താക്കളും തുടർച്ചയായ മൂന്നാം ദിവസവും നിരാശരായി മടങ്ങി. ആദ്യ ദിനത്തിൽ തന്നെ സിവിൽ സപ്ലൈസ് ഓഫീസിൽ പരാതി നൽകിയെങ്കിലും പരിഹാരനടപടികളായിട്ടില്ലെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. ഈ മാസത്തെ റേഷൻ വിതരണം പൂർത്തിയാകുന്നതിന് രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. അടുത്ത ഒരാഴ്ച്ചത്തേക്ക് കൂടി ഈ മാസത്തെ റേഷൻ വിതരണം നീട്ടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ അധികൃതർ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ ആവശ്യപ്പെട്ടു.