photo

ആലപ്പുഴ: യാത്രക്കാർക്ക് കാഴ്ചയുടെ സൗന്ദര്യം ഒരുക്കുന്ന വലിയഴീക്കൽ പാലം മാർച്ച് പത്തിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു.
146.50 കോടി രൂപ ചെലവഴിച്ച പാലം 976മീറ്റർ നീളത്തിലും 12മീറ്റർ വീതിയിലും നടപ്പാതയോടുകൂടിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇതിന് പുറമേ വലിയഴീക്കൽ ഭാഗത്തേക്ക് 145 മീറ്ററും അഴീക്കൽ ഭാഗത്തേക്ക് 90 മീറ്ററും നീളമുള്ള അപ്രോച്ച് റോഡുകളുമുണ്ട്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് കായംകുളം കായലിന് കുറുകേ കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. 2016 മാർച്ച് നാലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. 29സ്പാനുകളിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. 2015 ൽ ഭരണാനുമതി ലഭിച്ച പാലത്തിന് ഇരുവശങ്ങളിലായി 26 ചെറിയ സ്പാനുകളും മദ്ധ്യഭാഗത്ത് ആർച്ചോടുകൂടിയ 110മീറ്ററിന്റെ മൂന്ന് സ്പാനുകളുമാണുള്ളത്.

പാലം പൂർത്തിയാകുന്നതോടെ വലിയഴീക്കൽ, അഴീക്കൽ ഗ്രാമങ്ങൾ വിനോദസഞ്ചാര മേഖലയിൽ ഇടംപിടിക്കുന്നതോടെ അനന്തമായ ടൂറിസം സാദ്ധ്യതയാണ് വലിയഴീക്കലിലേക്ക് വരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ടൂറിസം സർക്യൂട്ടാക്കി വലിയഴീക്കലിനെ മാറ്റുവാനുളള പദ്ധതി ആവിഷ്‌കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കരുനാഗപ്പള്ളിയിൽ നിന്ന് വലിയഴീക്കലിൽ എത്താൻ 25 കിലോമീറ്റർ സഞ്ചരിക്കണമെങ്കിൽ, പാലം വരുന്നതോടെ ഇത് 15 കിലോമീറ്ററായി ചുരുങ്ങും.ദേശീയപാതയിൽ തടസമുണ്ടായാൽ തൃക്കുന്നപ്പുഴ വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനും വഴിയൊരുക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലം നിർമ്മിച്ച പാലം. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിംഗ് ആർച്ച് പാലമാണ്.

#തുറമുഖങ്ങളെ ബന്ധിപ്പിക്കും

അഴീക്കൽ, വലിയഴീക്കൽ മത്സ്യബന്ധന തുറമുഖങ്ങളെയും വലിയഴീക്കൽ പാലം ബന്ധിപ്പിക്കും. പാലം പൂർത്തീകരിച്ചതോടെ ചെല്ലാനംകൊല്ലം തീരദേശ ഹൈവേയുടെ വികസനവും യാഥാർത്ഥ്യമാകും. കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനും വഴിതെളിക്കും