കായംകുളം: കായംകുളം നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതികളും സർക്കാർ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളും ബി.ജെ.പിയും യു.ഡി.എഫും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.
താലൂക്കാശുപത്രി വികസനത്തെ അട്ടിമറിക്കുന്ന പ്രവർത്തനമാണ് കഴിഞ്ഞ ദിവസം നടന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ ഇവർ സ്വീകരിച്ചത്.
2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്കാശുപത്രിയിൽ 1000000 രൂപയുടെ ഒ.പി ബ്ലോക്ക് അറ്റകുറ്റപ്പണിയും 2000000 രൂപയുടെ ഖരമാലിന്യ പ്ലാന്റ് പദ്ധതികളും ഏറ്റെടുത്തിരുന്നെങ്കിലും മുനിസിപ്പൽ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മൂലം 2020-21 ലെ മേൽ പദ്ധതികൾ 2021-22 ൽ സ്പിൽ ഓവറായി ഉൾപ്പെടുത്തുകയും 23 ൽ കൂടിയ നഗരസഭ കൗൺസിലിൽ അംഗീകാരം നൽകുകയുമായിരുന്നു.
വേഗത്തിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനും പണം നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് മുൻകൂർ അനുമതി നൽകിയത്.
യോഗത്തിൽ പ്രതിപക്ഷം പോൾ ആവശ്യപ്പെടുകയോ വിയോജിപ്പ് രേഖപ്പെടുത്തകയോ ചെയ്യാത്ത സാഹചര്യത്തിൽ ചെയർപേഴ്സന്റെ മറുപടിക്ക് ശേഷമാണ് അജണ്ട പാസാക്കിയിട്ടുള്ളത്. കൗൺസിൽ നടപടി പൂത്തീകരിച്ചതിന് ശേഷം യു.ഡി.എഫ്,ബി.ജെ.പി ഗൂഡാലോചനയുടെ ഭാഗമായി വ്യാജ ആരോപണങ്ങൾ സൃഷ്ടിക്കുകയാണ്.