
ചാരുംമൂട്: ജില്ലയിലെ പച്ചക്കറി കൃഷിയിൽ മികച്ച ക്ലസ്റ്ററിനുള്ള അംഗീകാരം താമരക്കുളം ഗ്രാമ പഞ്ചായത്തിലെ പച്ചക്കാട് കൊടുവര വയൽ ക്ലസ്റ്ററിന്ൽ കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിലെ പ്രവർത്തന മികവിനുള്ള പുരസ്കാരമാണിത്. താമരക്കുളം കൃഷിഭവന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എ ക്ലാസ് വിപണിയുടെ കീഴിൽ പഞ്ചായത്തിലെ 9 ,10 വാർഡുകളിലായാണ് കൊടുവര ക്ലസ്റ്റർ പ്രവർത്തിക്കുന്നത്. നാൽപതോളം കർഷകർ ഉൾപ്പെടുന്ന കൂട്ടായ്മ 8 ഹെക്ടറിൽ കൃഷിചെയ്ത് 20 ടൺ വാർഷിക ഉത്പാദനം നടത്തിവരുന്നു. പച്ചക്കറി ഇനങ്ങളായ പയർ, പാവൽ, പടവലം, വഴുതന, പച്ചമുളക്, വെണ്ട, വെള്ളരി തുടങ്ങിയവയും കിഴങ്ങുവർഗങ്ങൾ, വിവിധയിനം വാഴകൾ എന്നിവയുമാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്. കർഷകർ പരമ്പരാഗത കൃഷിരീതികൾ പിന്തുടരുന്നതിനൊപ്പം കൃഷിഭവന്റെ സഹായത്തോടെ നൂതന കൃഷി രീതികളും സ്വീകരിച്ചു വരുന്നു. ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകർഷിക്കാൻ വേണ്ട പ്രവർത്തനങ്ങളും പ്രോത്സാഹനങ്ങളും ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടൊപ്പം കൃഷി ഓഫീസർ എസ്.ദിവ്യശ്രീ , കൃഷി അസിസ്റ്റന്റ് അജികുമാർ , ഉദ്യോഗസ്ഥർ, ക്ലസ്റ്റർ പ്രസിഡന്റ് വി.ഷാജിമോൻ സെക്രട്ടറി ജോൺസൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.