
മാവേലിക്കര: ഓരോ പൊലീസ് സ്റ്റേഷനിലും ഗുണ്ടാപ്പട്ടിക നവീകരിച്ച് ഗുണ്ടകളെ നിരീക്ഷിക്കുന്നതുൾപ്പടെ ഗുണ്ടകൾക്കെതിരെ ശക്തമായ നിയമ നടപടികൾ ജില്ലയിൽ പൊലീസ് സ്വീകരിച്ചു തുടങ്ങി
കുറ്റകൃത്യങ്ങളിൽ ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ ജാമ്യം റദ്ദു ചെയ്യുന്നതിനും കാപ്പാ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ, നാടുകടത്തൽ എന്നിവയും ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഗുണ്ടകളുടെ കൂട്ടാളികൾ, ബന്ധുക്കൾ എന്നിവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നവരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുമായി പ്രത്യേക സംഘം രൂപീകരിച്ചു.
മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസിന്റെ നേതൃത്വത്തിൽ കൊച്ചാലുംമൂട്, ഇറവൻകര, ചെട്ടികുളങ്ങര, അറുനൂറ്റിമംഗലം, കല്ലുമല, ആക്കനാട്ടുകര, പുന്നമൂട് എന്നീ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. മാവേലിക്കര സി.ഐ ശ്രീജിത്ത്.സി, എസ്.ഐമാരായ സിയാദ്.എ.ഇ, ദീപു പിള്ള, എ.എസ്.ഐ ജയകുമാർ, സുനി മോൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.