
മാന്നാർ: ഹിമാലയസാനുക്കളിലും വാരാണാസിയിലും അപൂർവമായി മാത്രം കണ്ടുവരുന്ന മഹാവില്വം വൃക്ഷം തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിന്റെ പുണ്യമാണ്.
ക്ഷേത്രത്തിന്റെ നാഗദേവതാ പ്രതിഷ്ഠയ്ക്കു സമീപമായി പതിനഞ്ചു വർഷത്തിലധികമായി ഈ വൃക്ഷം വളർന്നു നിൽക്കുന്നു. ആറുവർഷങ്ങൾക്ക്മുമ്പ് തമിഴ്നാട്ടിൽ നിന്നുമുള്ള ബ്രാഹ്മണ സംഘം108 ശിവാലയ തീർത്ഥാടനത്തിന്റെ ഭാഗമായി തൃക്കുരട്ടിക്ഷേത്രത്തിൽ എത്തിയപ്പോൾ ഈ സംഘത്തിലുണ്ടായിരുന്ന മുതിർന്നവരാണ് ഇത് മഹാവില്വമാണെന്ന് തിരിച്ചറിഞ്ഞതെന്ന് ക്ഷേത്രം അധികൃതർ പറയുന്നു. ഈ വ്യക്ഷം കേരളത്തിൽ തന്നെ ആദ്യമായാണ് കണ്ടെത്തിയതെന്നും ദേവസ്വം ബോർഡ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.
കൂവളത്തിന്റെ ഗണത്തിൽപെടുന്ന ഇവയുടെ ഇലയും കായുമെല്ലാം ഔഷധ ഗുണമുള്ളതാണ്.
സാധാരണ കൂവളത്തിനു മൂന്ന് ഇതളുകളാണ് ഉള്ളത്. ഇത് ഒൻപത് മുതൽ ഇരുപത്തിയേഴു ഇതളുകളുള്ള വില്വം ആണ്. ശിവനുമായി ബന്ധപ്പെട്ട വൃക്ഷമായാണ് പുരാണത്തിലെ സ്ഥാനം.
#തൃക്കുരട്ടിയിൽ ഇന്ന്
ശ്രീബലി രാവിലെ 7ന്, ഭാഗവതപാരായണം 7.30ന്, സഹസ്ര കലശാഭിഷേകം 10 മുതൽ ഉച്ചയ്ക്ക് 1 വരെ, മാന്നാർ അലിൻഡ് സ്വിച്ഗിയർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പാഠകം 5 ന്, ദീപാരാധന, ദീപക്കാഴ്ച, ആകാശക്കാഴ്ച 6.30 ന് , സേവ 7.30 ന്