prathiba

കായംകുളം: വിവാദമായ ഫേസ് ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യങ്ങളിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്നു എന്ന് അറിയിച്ച് യു. പ്രതിഭ എം.എൽ.എ. കായംകുളം ഏരിയാകമ്മിറ്റിക്കും പാർട്ടി നേതാക്കൾക്കുമെതിരായ വിവാദ പോസ്റ്റിൽ സി.പി.എം ജില്ലാ നേതൃത്വം വിശദീകരണം തേടിയതിനു പിന്നാലെയാണ് ഫേസ് ബുക്കിലൂടെയുള്ള ഖേദപ്രകടനം. തുടർന്നാണ് ഫേസ് ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത്. അതേസമയം, ജില്ലാ നേതൃത്വത്തിന് ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല.

വിശദീകരണക്കുറിപ്പ് എന്ന മുഖവരയോടെയാണ് പ്രതിഭയുടെ പുതിയ പോസ്റ്റ്. 'വ്യക്തിപരമായ മാനസികാവസ്ഥയിലാണ് പോസ്‌റ്റെഴുതാൻ ഇടയായത്. ജനപ്രതിനിധിയും പൊതുപ്രവർത്തകയും എന്നതുപോലെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന ഒരു വീട്ടമ്മയും കൂടിയാണ് ഞാൻ. എന്നെ വളർത്തിയത് ഞാൻ സ്നേഹിക്കുന്ന പ്രസ്ഥാനമാണ്. സന്തോഷങ്ങളിൽ എന്നതുപോലെ കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നൽകി നിലനിറുത്തിയത് ഈ പ്രസ്ഥാനത്തിലെ ആയിരക്കണക്കിന് പ്രവർത്തകരുടെ സ്നേഹ വിശ്വാസങ്ങളാണ്. ഈ പ്രതിബദ്ധത പ്രാണവായുപോലെ ഹൃദയത്തിൽ സൂക്ഷിച്ചാണ് നിലകൊണ്ടിട്ടുള്ളത്. നാളെകളിലും അങ്ങനെ തന്നെയായിരിക്കും.

മാനസിക സംഘർഷമുള്ള സന്ദർഭങ്ങളിൽ കാരണങ്ങളില്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്നുണ്ടാകുന്നത് ആരെയും വേദനിപ്പിക്കും. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങൾ കൂടിയുള്ള സാധാരണക്കാരിയായ സ്ത്രീ എന്ന നിലയിൽ. അത്തരമൊരു സാഹചര്യത്തിലാണ് ഫേസ്ബുക്കിൽ എഴുതാനിടയായത്. തികച്ചും വ്യക്തിപരമായ മനോദുഃഖത്തിൽ നിന്നും ഉരുത്തിരിഞ്ഞ ആ കുറിപ്പ് മറ്റുള്ളവർക്ക് വിഷമമുണ്ടാക്കിയതിൽ ദുഃഖമുണ്ട്. എന്ത് പ്രതിസന്ധികളുണ്ടായാലും ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പാർട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നിൽ നിന്നുണ്ടാകില്ല. വാക്കുകൾ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഓരോരുത്തരോടും ഖേദം പ്രകടിപ്പിക്കുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും താത്കാലികമായി വിട്ടുനിൽക്കുന്നു'. എന്നാണ് പോസ്റ്റിൽ പറയുന്നത്.