oda
ആലപ്പുഴ പൊലീസ് ടെലികമ്മ്യൂണിക്കേഷൻ ഓഫീസിന് സമീപമുള്ള റോഡിന് വടക്കുഭാഗത്തായി കച്ചവടക്കനാലിലേക്ക് മാലിന്യം തള്ളുന്ന ഓട

ആലപ്പുഴ: കനാൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കനാലിലേക്കും ഇടത്തോടുകളിലേക്കുമുള്ള മാലിന്യക്കുഴലുകൾ നീക്കം ചെയ്യണമെന്ന് തുടർച്ചയായി നോട്ടീസ് നൽകുമ്പോഴും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും കനിുലിലേക്കുള്ള മാലിന്യനിക്ഷേപം മുടക്കമില്ലാതെ തുടരുന്നു. നോട്ടീസ് ലഭിച്ചിട്ടും കനാൽക്കരയിലെ പല ഭക്ഷണശാലകളും മാലിന്യം കനാലിലേക്കാണ് ഒഴുക്കുന്നത്. ആലപ്പുഴ പൊലീസ് ടെലികമ്മ്യൂണിക്കേഷൻ ഓഫീസിന് സമീപമുള്ള റോഡിന് വടക്കുഭാഗത്തായി കൊമേഴ്സ്യൽ കനാലിലേക്ക് 24 മണിക്കൂറും മലിനജലം ഒഴുകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. എ.ആർ.ക്യാമ്പിൽ നിന്നും, ജില്ലാ ജയിലിൽ നിന്നുമുൾപ്പടെയുള്ള കക്കൂസ് മാലിന്യം ഇത്തരത്തിൽ ഓടവഴി കനാലിലേക്ക് തള്ളുന്നതായും ആക്ഷേപമുണ്ട്. വർഷങ്ങളായി ഇത്തരത്തിൽ മാലിന്യം തള്ളുമ്പോഴും ഇന്നുവരെ നഗരസഭ ആരോഗ്യ വിഭാഗം യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഒഴുക്കില്ലാതെ കിടക്കുന്ന ഓടയിൽ ദുർഗന്ധം അസഹനീയമാണ്. രാത്രിയുടെ മറവിൽ അറവുമാലിന്യമുൾപ്പടെ തള്ളുന്നതിന് പുറമേയാണ് രാപ്പകൽ വ്യത്യാസമില്ലാതെ കക്കൂസ് മാലിന്യവും കനാലിലേക്ക് തള്ളുന്നത്.

പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിന് വീടുകളിൽ നോട്ടീസ് ലഭിക്കുന്നുണ്ട്. നഗരസഭയുടെ നടപടിയെ അംഗീകരിക്കുന്നു. അതേസമയം പൊതു സ്ഥാപനങ്ങളെയും പ്രധാന വ്യാപാര സ്ഥാപനങ്ങളയും കണ്ടില്ലെന്ന് നടിക്കരുത്

- സലിം പുളിമൂട്ടിൽ, പൊതു പ്രവർത്തകൻ

സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നോട്ടീസുകൾ വിതരണം ചെയ്യുന്നുണ്ട്. നടപടി എല്ലാവർക്കെതിരെയും ഒരുപോലെയാകും

- ബീന രമേശ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ, ആലപ്പുഴ നഗരസഭ