s
കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ കണ്ടമംഗലം സ്‌കൂൾ അങ്കണത്തിൽ ഉള്ളി വിളഞ്ഞ കൃഷിത്തോട്ടം

ചേർത്തല : ഉള്ളി കൃഷിയിൽ വിജയഗാഥയുമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഉള്ളികൃഷിയുടെ വിളവെടുപ്പ് ഇന്ന് രാവിലെ 8ന് മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കണ്ടമംഗലം ഹയർസെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ മഹാലക്ഷ്മി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷനാകും. എ.എം.ആരിഫ് എം.പി, ടി.എം.എം.സി മാനേജിംഗ് പാർട്ണർ വി.വി.പവിത്രന് ഉള്ളി നൽകി വിൽപ്പന ഉദ്ഘാടനംചെയ്യും. കടക്കരപ്പള്ളി കേരഗ്രാമം പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വളം വിതരണോദ്ഘാടനം നിർവഹിക്കും.

കൃഷി അസി. ഡയറക്ടർ ജി.വി.രജി പദ്ധതി വിശദീകരിക്കും. പച്ചക്കറികൃഷി വികസന പദ്ധതിയിൽ തൈവിതരണവും ഉണ്ടാകും.ബ്ലോക്ക് പഞ്ചായത്തംഗം എസ് ഷിജി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ 13 കാർഷിക ഗ്രൂപ്പുകൾ മുഖേന ഏഴര ഏക്കറിലാണ് മാതൃകാ കൃഷിത്തോട്ടവും വിത്തുത്പാദനവും പദ്ധതിയിൽ കൃഷിയിറക്കിയത്. രണ്ട് മാസംമുമ്പ് വിത്തിട്ട കൃഷിയിടങ്ങളിൽ മിക്കയിടത്തും വിളവെടുപ്പിന് സമയമായി.100 കിലോ വിത്ത് വീതമാണ് ഗ്രൂപ്പുകൾക്ക് നൽകിയത്. കൂടാതെ വളവും ജൈവ കീടനാശിനിയും നൽകി. ആറിരട്ടിവരെ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഉള്ളിയില സഹിതം വിൽപ്പനയ്ക്കായി തയ്യാറാക്കും. ഉള്ളിയില ഉൾപ്പെടെ 50 രൂപയുടെ കെട്ടുകളായി കൃഷിടിത്തിൽതന്നെ വിൽപ്പനയുണ്ടാകും.