
ആലപ്പുഴ: റഷ്യ - യുക്രെയിൻ യുദ്ധം മുറുകുമ്പോൾ അവിടെ അകപ്പെട്ട മക്കളെയോർത്തുള്ള ആധിയിലാണ് മലയാളി രക്ഷിതാക്കൾ. യുക്രെയിൻ തലസ്ഥാനമായ കീവിലും സമീപപ്രദേശത്തും താമസിക്കുന്ന പലരെയും ഇന്നലെ ഉച്ചയ്ക്ക് ശേഷം ബന്ധപ്പെടാൻ സാധിക്കാത്തത് അവരുടെ ആശങ്ക വർദ്ധിപ്പിച്ചു.
ബി.എൻ ഖറാസി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി ആലപ്പുഴ തോണ്ടൻകുളങ്ങര സ്വദേശി സ്വാതിയടക്കം 300ലധികം വിദ്യാർത്ഥികളുടെ സംഘം ഹോസ്‌റ്റലിലെ ഭൂർഗർഭ ഫ്ലാറ്റിലാണിപ്പോൾ. ഹോസ്റ്റലായതിനാൽ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ലഭ്യമാണ്. എന്നാൽ ഇവരുടെ കൂട്ടത്തിൽപ്പെട്ട നിരവധി കുട്ടികളുടെ അഭയം മെട്രോയിലാണ്. ഭക്ഷണം തീർന്നതോടെ പലരും ക്ഷീണിതരാണ്. നെറ്റ്‌വർക്ക് തകരാറുണ്ടായാൽ മകളുമായി എങ്ങനെ ആശയവിനിമയം നടത്തുമെന്ന ആശങ്കയിലാണ് സ്വാതിയുടെ മാതാപിതാക്കളായ ബിന്ദുഭായിയും സന്തോഷ് കുമാറും. ഇന്ത്യൻ എംബസി അധികൃതർ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. രക്ഷപ്പെടാൻ അടിയന്തര മാർഗം സ്വീകരിക്കേണ്ട ഘട്ടത്തിലും കൊവിഡ് മാനദണ്ഡം പാലിച്ചാകും നടപടിയെന്നാണ് അറിയിപ്പെന്ന് സ്വാതിയുടെ മാതാവ് ബിന്ദു പറഞ്ഞു.
സഫ്റോഷ്യ യൂണിവേഴ്സിറ്റിയിൽ മാർച്ച് 9ന് ക്ലാസുകൾ ഒാഫ് ലൈനായി പുനരാരംഭിക്കുമെന്നാണ് അറിയിപ്പെന്ന് മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി ആലപ്പുഴ പുന്നമട സ്വദേശി ഗോകുൽ ഗിരീഷ് പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ അനുമതിയോടെ മാത്രമേ യാത്രാ ടിക്കറ്റ് ലഭ്യമാകൂ. യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ ബസിൽ മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള ആലോചനയിലാണ് കുട്ടികളെന്ന് ഗോകുലിന്റെ പിതാവ് ഗിരീഷ് പറഞ്ഞു.
തടങ്കലിൽ ഭർത്താവ്,
യുദ്ധഭൂമിയിൽ ഭാര്യ
യമനിൽ ഹൂദി വിമതർ തട്ടിയെടുത്ത യു.എ.ഇ ചരക്കു കപ്പലിലെ മലയാളി ജീവനക്കാരൻ ചേപ്പാട് സ്വദേശി അഖിൽ രഘുവിന്റെ ഭാര്യ ജിതിനയും യുക്രെയിനിൽ കുടുങ്ങിയ മലയാളി സംഘത്തിലുണ്ട്. കീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിനിയാണ് . ''ബോംബ് ഷെൽട്ടറിൽ മണിക്കൂറുകളായി കഴിയുകയാണ്. ജീവൻ പണയം വച്ചാണ് ഇടയ്ക്ക് ഫ്ലാറ്റിലെത്തി ഫോൺ ചാർജ് ചെയ്തത്. ഭക്ഷണവും വെള്ളവും തീർന്നു. ഇന്ത്യൻ എംബസി സൈറ്റ് വഴിയാണ് വിവരങ്ങൾ കൈമാറുന്നത്. '' - ജിതിന പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് ജിതിനയുടെ ഭർത്താവ് അഖിൽ ഉൾപ്പെടുന്ന നാലംഗ സംഘം ഹൂദി വിമതരുടെ പിടിയിലായത്.