
കായംകുളം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് വർഷത്തിലേറെയായി ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവിനെ മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺ. കായംകുളം നിയോജക മണ്ഡലം മുൻ സെക്രട്ടറി ചിറക്കടവം തഴയശ്ശേരിൽ വീട്ടിൽ ആകാശാണ് (28) കായംകുളം സ്വദേശിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2019ൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ആകാശ് ഒളിവിൽ പോയത്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ.മുഹമ്മദ് ഷാഫി, എ.എസ്.ഐ സുധീർ, പൊലീസുകാരായ റെജി, ബിനുമോൻ, ലിമു മാത്യു, ബിജു രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോണോ സമൂഹമാദ്ധ്യമങ്ങളോ ഉപയോഗിക്കാതെ തമിഴ്നാട്, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളുടെ രണ്ടായിരത്തോളം കാൾ ഡീറ്റെയിൽസും മറ്റും പരിശോധിച്ചതിൽ നിന്ന് വിദേശ നമ്പരിലെ വാട്ട്സ് ആപ്പ് ഉപയോഗിച്ച് ആകാശ് വീട്ടിൽ ബന്ധപ്പെടുന്നതായി കണ്ടെത്തി. തുടർന്ന് അന്വേഷണസംഘം ഹൈദരാബാദിൽ എത്തിയെങ്കിലും ആകാശ് അവിടുത്തെ ഒരു ഹോസ്റ്റൽ മുതലാളിയുടെ ഭാര്യയും കുട്ടിയുമായി ഒളിവിൽപ്പോയതായി വിവരം ലഭിച്ചു.
തുടർന്ന് 14 ദിവസത്തോളം ഹൈദരാബാദിൽ ക്യാമ്പ് ചെയ്ത പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ആകാശ് ഷിർദ്ദിയിലുണ്ടെന്ന് കണ്ടെത്തുകയും മഹാരാഷ്ട്ര - തെലങ്കാന പൊലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.