
ആലപ്പുഴ : ജില്ലാ ജയിലിലെ അന്തേവാസികളുടെ ശാരീരിക-മാനസികനില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി 'പ്രാണായാമം' എന്ന പേരിൽ കൗൺസിലിംഗും യോഗാ പരിശീലനവും ആരംഭിച്ചു. സ്കൂൾ ഓഫ് ലൈഫ് സ്കിൽസ്, ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഓഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രജനി തങ്കപ്പൻ നിർവഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ടി.ജലജാറാണി മുഖ്യപ്രഭാഷണം നടത്തി. എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 4 മണിക്ക് ജില്ലാ ജയിലിൽ അന്തേവാസികൾക്കായി യോഗാപരിശീലനം ഉണ്ടായിരിക്കുമെന്ന് ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി എം.ടി.ജലജാറാണി അറിയിച്ചു.