 
ആലപ്പുഴ : വേമ്പനാട്ട് കായൽ, പമ്പയാറ്, ലീഡിംഗ് ചാനൽ എന്നീ ഭാഗങ്ങളിൽ കുരുത്തോലയും ഇടിവലയും ഉപയോഗിച്ചും നഞ്ചു കലക്കിയുമുള്ള മത്സ്യബന്ധനം വ്യാപകമായത് ജില്ലയിലെ മത്സ്യ സമ്പത്തിന് ഭീഷണിയാകുന്നു. വിഷക്കായ് കലക്കിയുള്ള അനധികൃത മത്സ്യബന്ധനത്തെ തുടർന്ന് മീനുകൾ വ്യാപകമായി പുഴകളിൽ ചത്തു പൊങ്ങുന്നുമുണ്ട്.
പൊന്നാട്, മുഹമ്മ, കണ്ണങ്കര, , തണ്ണീർമുക്കം ബണ്ടിന് വടക്ക് വശം, തോട്ടപ്പള്ളി നാലുചിറ, കരുവാറ്റ ഭാഗങ്ങളിലും എടത്വയിലുമാണ് നഞ്ചുകലക്കിയുള്ള മത്സ്യബന്ധനം വ്യാപകം. ഇതിനെതിരെ കേരള ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് പ്രകാരം നിയമം നിലവിലുണ്ടെങ്കിലും പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.
വെട്ടൻ ചെമ്മീൻ, വാള, തൂളി, കരിമീൻ, വരാൽ, കാരി, കട്‌ള, പരൽ ഉൾപ്പെടെയുള്ള മീനുകളെ എടത്വയിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. രാത്രികാലത്ത് മത്സ്യ ബന്ധനത്തിന് എത്തുന്ന ചില തൊഴിലാളികളാണ് വിഷക്കായ് കലർത്തി മീൻ പിടിക്കുന്നത്. ഇപ്പോൾ ആറുകളിലും കായലുകളിലും വെള്ളം കുറവായതിനാൽ ചൂടിനെ അതിജീവിക്കുന്നതിനായി മത്സ്യങ്ങൾ ജലാശയത്തിന്റെ അടിത്തട്ടിൽ തങ്ങുകയാണ് പതിവ്. നഞ്ചു ചതച്ച് തുണിയിൽ കിഴിക്കെട്ടാക്കി ജലാശയത്തിന്റെ അടിത്തട്ടിലേക്ക് താഴ്ത്തുകയോ കായൽ ജലാശയത്തിൽ കലർത്തുകയോ ചെയ്യും. അരമണിക്കൂറിനുള്ളിൽ വിഷക്കായുടെ രൂക്ഷതമൂലം മത്സ്യങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ വരും. ഇതോടെ മത്സ്യങ്ങൾ ജലശായത്തിന് മുകളിൽ മയങ്ങി പൊങ്ങും. ഇത് ചെറുവള്ളങ്ങളിൽ എത്തുന്ന തൊഴിലാളികൾ കോരുവല ഉപയോഗിച്ച് കോരിയെടുക്കും. വലിയമത്സ്യങ്ങൾ മാത്രം ശേഖരിച്ചിട്ട് ചെറിയവയെ ജലാശയങ്ങളിൽ ഉപേക്ഷിക്കും. ഇത് ചീഞ്ഞഴുകി പാരിസ്ഥിക പ്രശ്നങ്ങൾ ഉണ്ടാക്കും. മത്സ്യങ്ങളുടെ വംശനാശത്തിനും കാരണമാകും.
നഞ്ച് കലക്കി മീൻപിടിച്ചാൽ
 ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് പൂർണമായും നഷ്ടമാകും
 വിവിധയിനം മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകും
 കരിമീൻ,ചെമ്മീൻ തുടങ്ങിയമത്സ്യങ്ങളുടെ പ്രജനന സമയത്ത് മുട്ടയും കുഞ്ഞുങ്ങളും നശിക്കും
 തുണികഴുകാനും കുളിക്കാനും ഈ വെള്ളം ഉപയോഗിച്ചാൽ ത്വക്ക് രോഗങ്ങൾക്ക് സാധ്യത
 പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കും
ജില്ലയിൽ നഞ്ചു കലക്കുന്ന പ്രദേശങ്ങൾ
പൊന്നാട്, മുഹമ്മ, കണ്ണങ്കര, കട്ടച്ചിറ, തണ്ണീർമുക്കം ബണ്ടിന് വടക്ക് വശം, തോട്ടപ്പള്ളി നാലുചിറ, കരുവാറ്റ , എടത്വ
ചത്തുപൊങ്ങിയ മത്സ്യങ്ങൾ
വാള, തൂളി, കരിമീൻ, വരാൽ, കാരി, കരട്ടി, കട്ടള, പരൽ
"ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള കക്ക സങ്കേതത്തിൽ രാത്രി സമയങ്ങളിൽ അനധിതൃതമായി കടന്നു കക്ക വാരുന്നവർക്ക് എതിരെ കേരള ഇൻലാൻഡ് ഫിഷറീസ് ആന്റ് അക്വാകൾച്ചർ ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കും. വേമ്പനാട്ട് കായൽ ഭാഗങ്ങളിൽ കുരുത്തോലയും ഇടിവലയും ഉപയോഗിച്ചും നഞ്ചു കലക്കിയും ചെറു മത്സ്യങ്ങളെ ഉൾപ്പെടെ പിടിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
- ഫിഷറീസ് വകുപ്പ് അധികൃതർ