
ആലപ്പുഴ: റേഷൻ വിതരണത്തെ താറുമാറാക്കുന്ന ഇ-പോസ് സെർവർ തകരാറിന് നാലാം ദിവസവും പരിഹാരമായില്ല. ജില്ലയിലെ വിവിധ റേഷൻ കടകളിൽ ഇന്നലെയും ഉപഭോക്താക്കൾ സാധനം വാങ്ങാനെത്തിയിട്ട് വിരൽ പതിയാത്ത സ്ഥിതിയുണ്ടായി. അതേസമയം ഇന്നലെ പരാതികളൊന്നും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. റേഷൻ വ്യാപാരികൾ നേരിട്ട് ഐ.ടി സെല്ലുമായി ബന്ധപ്പെട്ടതോടെ, ആധാർ ലിങ്കാവുന്നതിന് കേന്ദ്രത്തിൽ നിന്ന് നേരിടുന്ന സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് മറുപടി ലഭിച്ചത്. റേഷൻ വിതരണത്തിന് പുറമേ, വിവിധ ആധാർ അധിഷ്ഠിത സേവനങ്ങളിലും തടസം നേരിടുന്നതായി ഐ.ടി സെൽ വ്യക്തമാക്കി. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.