ph

കായംകുളം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് വർഷത്തിലേറെയായി ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവിനെ മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം മുൻ സെക്രട്ടറി കായംകുളം ചിറക്കടവം തഴയശ്ശേരിൽ വീട്ടിൽ ആകാശാണ് (28) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കായംകുളം സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഡിസംബറിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ആകാശ് ഒളിവിൽ പോയത്.കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ.മുഹമ്മദ് ഷാഫി, എ.എസ്.ഐ സുധീർ, പൊലീസുകാരായ റെജി, ബിനുമോൻ, ലിമു മാത്യു, ബിജു രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോണും സോഷ്യൽ

മീഡിയയും ഉപയോഗിക്കാതെ

മൊബൈൽ ഫോണോ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ ഉപയോഗിക്കാതെ തമിഴ്നാട്, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരവേ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളുടെ രണ്ടായിരത്തോളം കാൾ ഡീറ്റെയിൽസും മറ്റും പരിശോധിച്ചതിൽ നിന്ന് വിദേശ നമ്പരിലെ വാട്ട്സ് ആപ്പ് ഉപയോഗിച്ച് ആകാശ് വീട്ടിൽ ബന്ധപ്പെടുന്നതായി കണ്ടെത്തി . തുടർന്ന് കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹൈദരാബാദിൽ എത്തിയെങ്കിലും ആകാശ് അവിടുത്തെ ഒരു ഹോസ്റ്റൽ മുതലാളിയുടെ ഭാര്യയും കുട്ടിയുമായി ഒളിവിൽപ്പോയതായി വിവരം ലഭിച്ചു. തുടർന്ന് 14 ദിവസത്തോളം ഹൈദരാബാദിൽ ക്യാമ്പ് ചെയ്ത പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ആകാശ് മഹാരാഷ്ട്രയിലെ ഷിർദ്ദിയിലുണ്ടെന്ന് കണ്ടെത്തുകയും മഹാരാഷ്ട്ര പൊലീസിന്റെയും തെലങ്കാന പൊലീസിന്റെയും സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആകാശിനെ ഒളിവിൽ കഴിയുന്നതിനും മറ്റും സഹായിച്ചതിന് ഹരിപ്പാട് വെട്ടുവേനി മണിഭവനം വീട്ടിൽ സിജു (32), ഹരിപ്പാട് പിലാപ്പുഴ തെക്ക് പൈങ്ങാലിൽ അഖീഷ് കുമാർ (26), കാർത്തികപ്പള്ളി പുതുക്കണ്ടം ചൂടു കാട്ടിൽ വീട്ടിൽ അനുരാജ് മകൻ അനൂപ് (28) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.