ചേർത്തല: അദ്ധ്യാപകർ അഞ്ചു ലക്ഷം രൂപ വായ്പയെടുത്ത് വിദ്യാർത്ഥികൾക്ക് ശൗചാലയം നിർമ്മിച്ചു നൽകി.മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂൾ അദ്ധ്യാപകരാണ് വേറിട്ട പ്രവർത്തനം നടത്തി മാതൃകയായത്.
നിർമ്മാണത്തിന് കരാർ നൽകാതെ ആദ്യാവസാനം മേൽനോട്ടം പ്രധാനാദ്ധ്യാപിക ജോളി തോമസിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ തന്നെ ഏറ്റെടുക്കുകയും ചെയ്തു. എയ്ഡഡ് സ്‌കൂളുകൾക്ക് ഇത്തരം ആവശ്യങ്ങൾക്ക് ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് വായ്പയെടുക്കേണ്ടി വന്നത്.
ചേർത്തല താലൂക്ക് എയ്ഡഡ് പ്രൈമറി ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നുമാണ് വായ്പയെടുത്തത്. എട്ട് അദ്ധ്യാപകർ ചേർന്ന് മാസംതോറും 11,000രൂപ വീതം തിരിച്ചടവ് തുടങ്ങി.5വർഷമാണ് കാലാവധി. 640 കുട്ടികൾ പഠിക്കുന്ന ഇവിടെ പഴയ ശൗചാലയം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമ്മിച്ചത്. പ്രധാനാദ്ധ്യാപിക ജോളി തോമസ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സിസി മാത്യു,സ്റ്റാഫ് സെക്രട്ടറി എം.വൈ.അന്നമ്മ,പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ എന്നിവർ സംസാരിച്ചു.
അദ്ധ്യാപകർ വായ്പയെടുത്ത് വർഷങ്ങൾക്ക് മുമ്പ് സ്‌കൂളിൽ സ്റ്റേജ് നിർമ്മിച്ചിരുന്നു. കുട്ടികൾ ഇല്ലാതെ അടച്ചു പൂട്ടലിനെ അഭിമുഖീകരിച്ച സ്‌കൂളാണിത്.ചുരുങ്ങിയ നാളുകൾക്കുള്ളിൽ വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 50ഓളം പുരസ്‌കാരങ്ങൾ സ്‌കൂളിന് ലഭിച്ചു. പ്രധാനാദ്ധ്യാപിക ജോളി തോമസിന് സംസ്ഥാന അദ്ധ്യാപക അവാർഡ്, അനീറ്റ,ജെസി തോമസ് എന്നീ അദ്ധ്യാപികമാർക്ക് റോട്ടറിക്ലബ് അവാർഡ്, അദ്ധ്യാപകനായ മുഹമ്മദ് റാഫിക്ക് തുടർച്ചയായി മൂന്ന് വർഷം മികച്ച കബ് മാസ്റ്റർ അവാർഡ് എന്നിവ നേടാനായി.