a

മാവേലിക്കര: നഗരവികസനം അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നഗരസഭ ചെയർമാനെ ഉപരോധിച്ചു. മാവേലിക്കര നഗരവികസനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനത്തിനായി സർക്കാർ നിയോഗിച്ച ഏജൻസി മാവേലിക്കര റെസ്റ്റ് ഹൗസിൽ നടത്തിയ ഹിയറിംങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് ഗ് കമ്മറ്റി ചെയർപേഴ്സൺ അടക്കമുള്ള ജനപ്രതിനിധികളെ അറിയിക്കാതെ നഗരസഭാ ചെയർമാന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. യോഗം നടന്ന സ്ഥലത്ത് ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനുപും ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുണും എത്തി പ്രതിഷേധം അറിയിച്ചു.
തുടർന്ന് ഉച്ചയോടെയാണ് ബി.ജെ.പി പ്രവർത്തകർ നഗരസഭാ അദ്ധ്യക്ഷനെ ഉപരോധിച്ചത്.

മാവേലിക്കര നഗരത്തിലെ വ്യാപാരികളിൽ നിന്നും സ്ഥല ഉടമകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ കൈപ്പറ്റി ഭരണകർത്താക്കൾ നഗരത്തിലെ സ്ഥലമെടുപ്പ് അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രശ്ന പരിഹാരത്തിനായി സർവ്വകക്ഷി യോഗം വിളിക്കാമെന്ന ചെയർമാന്റെ ഉറപ്പിലാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, ഏരിയാ കമ്മറ്റി പ്രസിഡന്റ് സുജിത്ത്.ആർ പിള്ള, ജനറൽ സെക്രട്ടറിമാരായ ശരത്ത് രാജ്, രാജേഷ് കാട്ടുവള്ളിൽ, പാർലമെൻററി പാർട്ടി ലീഡർ എച്ച്.മേഘനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഉമയമ്മ വിജയകുമാർ, ജനപ്രതിനിധികളായ ജയശ്രീ അജയകുമാർ, സുജാത ദേവി, വിജയമ്മ ഉണ്ണികൃഷ്ണൻ, സബിത അജിത്ത്, ആർ.രേഷ്മ എന്നിവർ ഉപരോധ സമരത്തിന് നേത്യത്വം നൽകി.