 
മാന്നാർ: ദശദിനങ്ങളിലായി തൃക്കുരട്ടി മഹാദേവന് സമർപ്പിക്കുന്ന സഹസ്രകലശമാണ് തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ഭക്തിപ്രധാനമായ ശിവരാത്രി ആഘോഷം. സതീവിയോഗാവസ്ഥയിൽ അതികഠിന കോപം ഘനീഭവിച്ച് നിൽക്കുന്ന അതിരൗദ്ര മൂർത്തീസങ്കല്പപ്രതിഷ്ഠയാണ് തൃക്കുരട്ടി മഹാദേവന്റേത്. അതിരൗദ്രതയിലേക്ക് കലശാഭിഷേകവും മന്ത്രസാധനയും ചെയ്യുമ്പോൾ ദേവനുണ്ടാവുന്ന നിർവൃതിയാണിവിടെ ആഗ്രഹമായി പെയ്തിറങ്ങുന്നത്. ക്രോധം ശമിപ്പിക്കാനായി നൂറു കലശങ്ങൾവീതം പത്ത് ദിവസങ്ങളിലായി ആയിരം കലശങ്ങളാണ് അഭിഷേകം ചെയ്യപ്പെടുന്നത്. ദിനംപ്രതി വഴിപാട് കലശം നടക്കുന്ന ക്ഷേത്രമാണ് തൃക്കുരട്ടിമഹാദേവക്ഷേത്രം . നമസ്ക്കാരമണ്ഡപത്തിൽ ആയിരം ലിറ്റർ വെള്ളം കൊള്ളുന്ന നാതക്കാതൻ വാർപ്പ് കലശാവശ്യത്തിനായി മാത്രം ഉപയോഗിക്കുന്നു . ചുറ്റമ്പലത്തിനകത്ത് പൂജാരിമാരാൽ മാത്രം ഉപയോഗത്തിലുള്ള കിണറിൽ നിന്നാണ് കലശാഭിക്ഷേകത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. സഹസ്രകലശ നടത്തിപ്പിനായി തന്ത്രിമുഖ്യനും മേൽശാന്തിയും കീഴ്ശാന്തിയും കൂടാതെ 10- ഓളം പരികർമ്മികളും സഹായത്തിനായുണ്ടാകും സഹസ്ര കലശാഭിഷേകത്തിൽ പങ്കെടുക്കാനായി അനേകം ഭക്തരാണ് ശിവരാത്രി മഹോത്സവത്തിന്റെ ഒന്നാം ദിനം മുതൽ എത്തുന്നത്.
ഇന്ന്
ശ്രീബലി രാവിലെ 7ന്, ഭാഗവതപാരായണം 7.30ന്, സഹസ്ര കലശാഭിഷേകം 10 മുതൽ ഉച്ചയ്ക്ക് 1 വരെ, സോപാന സംഗീതം 6 ന്, എം.ആർ.സി മാന്നാറിന്റെ ആഭിമുഖ്യത്തിൽ ദീപാരാധന, ദീപക്കാഴ്ച, ആകാശക്കാഴ്ച 6.30 ന് , പഞ്ചാരിമേളം 7.30 ന്