
ചാരുംമൂട് : വർഷങ്ങളായി തകർന്ന് കിടക്കുന്ന തെരുവിൽ മുക്ക് റോഡ് ശാപമോക്ഷം തേടുന്നു .ചുനക്കര പഞ്ചായത്തിനേയും ഭരണിക്കാവ് പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡും ,കെ. പി റോഡിന്റെ ലിങ്ക് റോഡുമായ ഭരണിക്കാവ് തെരുവിൽ മുക്ക് റോഡിൽ യാത്ര ദുരിതപൂർണമാണ്. കോമല്ലൂരിലേയും ഭരണിക്കാവിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയും മുഴുവൻ ജനങ്ങളുടെ പ്രധാന ആശ്രയം ഈ റോഡാണ്.
 പ്രദേശവാസികൾ കായംകുളം, ചാരുംമൂട് , മാവേലിക്കര , പന്തളം തുടങ്ങിയ പ്രധാന പട്ടണങ്ങളിലേക്ക് എത്താൻ ഈറോഡിനെയാണ് ആശ്രയിക്കുന്നത്. കെ.പി റോഡിന്റെ സമാന്തര പാതയായ പി.ഡബ്ല്യുഡി റോഡ് കൂടിയാണ് ഇത്.
ആദിക്കാട്ടുകുളങ്ങര മുതൽ ഭരണിക്കാവ് വരെ 17.2 കിലോ മീറ്റാണ് റോഡിന്റെ ആകെ ദൂരം.
ദിവസവും ചെറുതും വലുതുമായ അഞ്ഞൂറിലധികം വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്ഭരണിക്കാവ് മുതൽ പുത്തൻ ചന്ത വരെ നാല് കിലോമീറ്റർ ദൂരം ടാറിംഗ് പൂർണമായും തകർന്ന നിലയിലാണ്. ഈ ഭാഗത്തെ റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.......
''റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിൽ അധികമായി. റോഡ് തകർന്ന് കിടക്കുന്നതിനാൽ ഇരുചക്രവാഹന അപകടം നിത്യസംഭവമാണ്. അടിയന്തരമായി റോഡ് റീ ടാർ ചെയ്യാൻ വേണ്ട നടപടികൾ ആരംഭിക്കണം.
വി.സി.സജീവ്,പ്രദേശവാസി,ഒ. ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ്
''റോഡിന്റെ അവസ്ഥ അധികാരികളെ അറിയിച്ചിട്ടുണ്ട്. മാർച്ചിൽ റോഡിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് എം.എൽ.എ ഉറപ്പു നൽകിയിട്ടുണ്ട്.
ബീന ബിനോയ് ,പതിനൊന്നാം വാർഡ് മെമ്പർ ചുനക്കര ഗ്രാമപഞ്ചായത്ത്