s

ആലപ്പുഴ : 'നിർമ്മല ഭവനം നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ" കാമ്പയിന്റെ ഭാഗമായി എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളെ മനോഹരമാക്കാൻ ഒരുങ്ങി നഗരസഭ. എയ്റോബിക് കമ്പോസ്റ്റിംഗ് യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവർത്തങ്ങൾക്കും പുതിയ പ്ലാന്ററുകൾ സ്ഥാപിക്കുന്നതിനുമായി മൂന്നര ക്കോടി രൂപയാണ് നഗരസഭ വകയിരുത്തിയത്.

കാലപ്പഴക്കത്താൽ കേടുപാടുകൾ വന്ന യൂണിറ്റുകളുടെ അടിത്തറയും സംരക്ഷണ വേലികളും പുനർ നിർമ്മിക്കുന്ന പ്രവൃത്തികളാണ് ആദ്യം നടക്കുക. പെയിന്റിംഗ് ജോലികളും വെർട്ടിക്കൽ ഗാർഡനിംഗും യൂണിറ്റുകളെ കൂടുതൽ മനോഹരമാക്കും. കമ്പോസ്റ്റ് വളം ഉപയോഗിച്ചുള്ള പച്ചക്കറി, പൂന്തോട്ടങ്ങളുടെ നിർമാണവും ഉടൻ ആരംഭിക്കും.

ജൈവ മാലിന്യ സംസ്‌കരണത്തിൽ ആലപ്പുഴയിൽ നെടുന്തൂണായി നിലകൊള്ളുന്നത് എയ്റോബിക് കമ്പോസ്റ്റിംഗ് യൂണിറ്റുകളാണ്.

2013ൽ ഡോ.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച നിർമല ഭവനം നിർമല നഗരം പദ്ധതിയിലൂടെയാണ് ആലപ്പുഴ നഗരത്തിലെ മാലിന്യമുക്ത യജ്ഞത്തിനു തുടക്കം കുറിച്ചത്. പൊതുഇടങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള 304 എയ്റോബിക് കമ്പോസ്റ്റിംഗ് യൂണിറ്റുകളിലായി പ്രതിവർഷം 1800 ടൺ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി ആലപ്പുഴ നഗരസഭയ്ക്കുണ്ട് .

എയ്റോബിക് യൂണിറ്റുകൾ

4 അടി നീളവും വീതിയും ഉയരവുമുള്ള ടാങ്കുകളിൽ കരിയിലയും കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഇനോക്കുലം ചേർത്ത മിശ്രിതവും പൊതുജനങ്ങളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളും പല തട്ടുകളിലായി അടുക്കി 90 ദിവസം കൊണ്ട് വളമാക്കി മാറ്റുന്ന രീതിയാണ് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളിൽ അവലംബിയ്ക്കുന്നത്.

1800 : 304 എയ്റോബിക് കമ്പോസ്റ്റിംഗ് യൂണിറ്റുകളിലായി പ്രതിവർഷം 1800 ടൺ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി ആലപ്പുഴ നഗരസഭയ്ക്കുണ്ട്



പുതിയ എയ്റോബിക് പ്ലാന്റുകൾ

1.സബ് ജയിൽ (സിവിൽ സ്റ്റേഷൻ വാർഡ് ),
2.സിവിൽ സ്റ്റേഷൻ അനക്സ് (ജില്ലാ കോടതി വാർഡ് )

3.എ ആർ ക്യാമ്പ് (സിവിൽ സ്റ്റേഷൻ വാർഡ് )

4. റെയിൽവേ ക്രോസ് ( സീ വ്യൂ വാർഡ് )

5.വഴിച്ചേരി ജംഗ്ഷൻ പടിഞ്ഞാറ് വശം( സീ വ്യൂ വാർഡ് )

6.വിജയ് പാർക്കിന് സമീപം )( സീ വ്യൂ വാർഡ് )

നിലവിൽ ഒരു വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പ്ലാന്റുള്ളത്. ഈ ശരാശരി ദൂരം അര കിലോമീറ്ററായി ചുരുക്കുകയും 90ശതമാനം സബ്സിഡിയോടെ ഉറവിട മാലിന്യ സംവിധാനം ഭൂരിഭാഗം ഭവനങ്ങളിലുമൊരുക്കി ജൈവ മാലിന്യ സംസ്‌കരണം സമ്പൂർണ്ണമാക്കുകയുമാണ് ലക്ഷ്യം

-സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ