തുറവുർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രസവ, പ്രസവാനന്തര വിഭാഗം പ്രവർത്തനമാരംഭിച്ചു. ആശുപത്രി കെട്ടിടത്തിലെ ഒന്നാം നിലയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയാണ് ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവ ദീർഘകാലമായുള്ള ആവശ്യത്തിനൊടുവിൽ സജ്ജീകരിച്ചിട്ടുള്ളത്. ഒരേ സമയം രണ്ട് ശസ്ത്രക്രിയ നടത്താൻ കഴിയുന്ന വിധത്തിലാണ് പ്രസവമുറി. 9 കിടക്കകളും അത്യാഹിത വിഭാഗത്തിൽ 2 പേരെ നീരീക്ഷിക്കാനായി കിടക്കകളും ഉണ്ട്. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഗൈനക്കോളജി ഡോക്ടർമാരായ ലീനാ ജോസ്, നീനാ ചന്ദ്രൻ ,വിഷ്ണുപ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കൂടാതെ 2 ശിശുരോഗ വിഭാഗം ഡോക്ടർമാരുടെയും സേവനമുണ്ടാകും.
പതിറ്റാണ്ടുകൾക്ക് പ്രസവചികിത്സ നിലച്ച ആശുപത്രിയിൽ വീണ്ടും അത് പുനരാംഭിച്ചത് നൂറ് കണക്കിന് പേർക്ക് പ്രയോജനം ചെയ്യുമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഗൈനക്കോളജി വിഭാഗത്തിൽ തിരക്ക് വർദ്ധിക്കുന്നതോടെ ആവശ്യത്തിന് ഡോക്ടർമാരടക്കം ജീവനക്കാരെ വേണ്ടി വരും. വർഷങ്ങൾക്ക് മുൻപ് കോടികൾ മുടക്കി നിർമ്മാണം പൂർത്തീകരിച്ച വനിതാ,ശിശു വിഭാഗത്തിൽ ഡോക്ടർമാർ ഇല്ലാതിരുന്നതിനാൽ ഉദ്ഘാടനത്തിനു ശേഷം പ്രവർത്തനമാരംഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു.