ആലപ്പുഴ: ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും സർക്കാർ സ്ഥാപിച്ച ഐസ് പ്ളാന്റുകൾ രണ്ടുപതിറ്റാണ്ടായി അവഗണനയുടെ വക്കിൽ. നിലവിൽ പ്ലാന്റുകളിൽ കാടുകയറി യന്ത്രങ്ങൾ തുരിമ്പെടുത്ത് നശിച്ച നിലയിലാണ് .തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ ഐസ് നൽകാനായി സ്ഥാപിച്ച പ്ളാന്റുകൾ നശിക്കുമ്പോഴും വകുപ്പ് അധികൃതർ ഇത് കണ്ടില്ലെന്നമട്ടിലാണ്. തോട്ടപ്പള്ളി, വലിയഴീക്കൽ, അർത്തുങ്കൽ മത്സ്യബന്ധന തുറമുഖങ്ങളിലും തൃക്കുന്നപ്പുഴ, പുന്നപ്ര, ചെത്തി, തൈക്കൽ ഫിഷ് ലാൻഡിംഗ് സെന്ററുകളിലുമാണ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഐസ് പ്ളാന്റുകളാണ് സംരക്ഷണം ഇല്ലാതെ നശിക്കുന്നത്. 1987ൽ തറക്കല്ലിട്ട ഫിഷ് ലാൻഡിംഗ് സെന്ററും പിന്നീട് മത്സ്യബന്ധന തുറമുഖമായി ഉയർത്തിയെങ്കിലും തോട്ടപ്പള്ളിൽ ഒരു ദിവസം പോലും പ്ളാന്റ് പ്രവർത്തിച്ചിട്ടില്ല. യന്ത്രങ്ങളുടെ തകരാർ പരിഹരിക്കുന്നതിനുള്ള നൂലാമാലയാണ് പലപ്പോഴും പ്ളാന്റുകൾ നശിക്കാൻ കാരണം. പ്ളാന്റുകളുടെ തകരാർ പരിഹരിക്കാതെ വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ആശ്രയം സ്വകാര്യപ്ളാന്റുകളാണ്. സ്വകാര്യ പ്ളാന്റിൽ ഒരു ഐസ് ബ്ലോക്കിന്റെ വില 65 രൂപയാണ്. ഇവിടുത്തെവിലയേക്കാൾ 35 മുതൽ 40ശതമാനം വരെ വിലക്കുറച്ച് മത്സ്യതൊഴിലാളികൾക്ക് എത്തിക്കുകയായിരുന്നു പദ്ധതി കൊണ്ട് ലക്ഷ്യമിട്ടത്. 200 മുതൽ 300വരെ ബ്ലോക്കിന്റെ ഉത്പാദന ശേഷിയുള്ള പ്ളാന്റുകളാണ് നിർമ്മിച്ചത്. എന്നാൽ പ്ളാന്റിന്റെ ഗുണം മത്സ്യ തൊഴിലാളികൾക്ക് ലഭ്യമായതുമില്ല. സ്വകാര്യ പ്ളാന്റുകളിൽ നിന്ന് ഐസ് വാങ്ങുന്ന മത്സ്യത്തൊഴിലാളികൾ വാഹന വാടക നൽകിവേണം വള്ളത്തിൽ ഐസ് എത്തിക്കാൻ. ഈ അധിക ചെലവ് ഒഴിവാക്കുന്നതിനാണ് തുറമുഖങ്ങളിൽ ഐസ് പ്ളാന്റ് നിർമ്മിച്ചത്.

.........

# ഒരു ബ്ലോക് ഐസിന് .................₹65( സ്വകാര്യ പ്ലാന്റുകളിൽ)

.......

# കനിയാത്ത കടലമ്മ

ന്യൂന മർദ്ദം, കാലാവസ്ഥാ വ്യതിയാനം, കൊവിഡ് എന്നിവ മൂലം ജില്ലയിൽ നൂറിൽ അധികം ഐസ് പ്ലാന്റുകൾ അടച്ചുപൂട്ടി. ഇതോടെ 550 തൊഴിലാളി കുടുംബങ്ങളും ഉടമകളും ദുരിതത്തിലാണ്. ചെമ്മീൻ വ്യവസായ യൂണിറ്റുകളും പീലിംഗ് ഷെഡുകളും കൂടുതലുള്ള അരൂർ, വളഞ്ഞവഴി മേഖലയിലാണ് ജില്ലയിലെ പകുതിയിൽ അധികം പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഐസ് പ്ലാന്റ് ഉടമകൾ ബാങ്ക് വായ്പ അടയ്ക്കാൻ കഴിയാതെ കടക്കെണിയിലാണ്.

.........

"മത്സ്യതൊഴിലാളി മേഖലയെ കബിളിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തുന്നത്. മേഴ്സികുട്ടി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തുറമുഖങ്ങളോട് ചേർന്ന് മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പ്ളാന്റ് സ്ഥാപിക്കാൻ 100കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു.എന്നാൽ ഒരു പ്ളാന്റുപോലും നിർമ്മിക്കാതെ തൊഴിലാളികളെ വഞ്ചിച്ചു.

വി. ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ

"മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ്‌ലാൻഡിംഗ് സെന്റർ, മിനി ഹാർബറുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഐസ് പ്ലാന്റുകൾ പ്രവർത്തന സജ്ജമാക്കണം. സ്വകാര്യ പ്ലാന്റുകളേക്കാൾ കുറഞ്ഞ നിരക്കിൽ ഐസ് നൽകാനായി സ്ഥാപിച്ച പ്ലാന്റുകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്.

മത്സ്യത്തൊഴിലാളികൾ