
ആലപ്പുഴ: പ്രായാധിക്യമോ അവശതയോ ഒന്നും അവർ കാര്യമാക്കില്ല, എല്ലാ ദിവസങ്ങളിലും വൈകിട്ട് അഞ്ചുമുതൽ എട്ടുവരെ കടൽതീരത്ത് ഒത്തുകൂടും. ചുറ്റുവട്ടത്തേതുമുതൽ യുക്രെയിൻ യുദ്ധം വരെയുള്ള വിഷയങ്ങളിൽ ചൂടേറിയ ചർച്ച. അങ്ങനെ കൂട്ടായ്മയ്ക്ക് ശക്തിപ്രാപിച്ചപ്പോൾ അടുത്തകാലത്ത് അതിനൊരു പേരിട്ടു- 'വയസൻ ക്ലബ്'. അംഗങ്ങളിലേറെയും 60 പിന്നിട്ടവർ. നഗരപരിധിയിലുള്ള 12 പേരാണ് സ്ഥിരാംഗങ്ങൾ. അഞ്ചാറുകൊല്ലം മുമ്പ് തീരത്ത് കാറ്റുകൊള്ളാനും കാഴ്ചകൾ കാണാനും സ്ഥിരമായെത്തി രൂപപ്പെട്ടതാണ് കൂട്ടായ്മ. ആലപ്പുഴ വനിതാ ശിശു ആശുപത്രിയ്ക്ക് സമീപം ബൈപാസ് ഓവർബ്രിഡ്ജിന് താഴെ കടലിനെ സാക്ഷിയാക്കി നിൽക്കുന്ന വിശ്രമകേന്ദ്രമാണ് ക്ളബിന്റെ പ്രവർത്തന കേന്ദ്രം
ഒത്തുകൂടൽ ദിവസവുമുണ്ടെങ്കിലും ഞായറാഴ്ചകളിലാണ് മുഴുവൻ പേരും ഹാജരാവുക. കൂട്ടായ്മയോടുള്ള ഇഷ്ടംമൂലം ഒപ്പം കൂടാനെത്തിയ 45കാരൻ ടോമിക്ക് വ്യവസ്ഥകൾക്ക് ഇളവ് നൽകി അംഗത്വം നൽകി. വസ്ത്ര വ്യാപാരം, ബിരിയാണി കച്ചവടം, ബ്രോക്കർ, ബജി കച്ചവടം, ഡ്രൈവർ തുടങ്ങിയ തൊഴിലുകൾ തുടരുന്നവരും വിശ്രമജീവിതത്തിലേക്ക് കടന്നവരും കൂട്ടത്തിലുണ്ട്. ബഷീർ മഹാറാണി, മാഹിൻ, നസീർ, ഖാസിം, താജുദ്ദീൻ, ഇക്ബാഷ, ഹക്കീം, നൗഷാദ്, നജീബ്, സാദിഖ്, ബഷീർ, ടോമി എന്നിവരാണ് സ്ഥിരാംഗങ്ങൾ. 75കാരൻ ബഷീർ മഹാറാണിയാണ് ചെയർമാൻ.
കൊടൈക്കനാലിലേക്ക്
മാർച്ച് 10ന് കൊടൈക്കനാലിലേക്ക് ടൂർ പോകാനുള്ള തയ്യാറെടുപ്പിലാണ് ക്ലബംഗങ്ങൾ. കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടുവർഷങ്ങളിലും സ്ഥിരമായി ഒത്തുചേരാൻ സാധിച്ചിരുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ സംഘം ഉഷാറായി. പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളാൽ കഴിയുന്ന സംഭാവനകളും സഹായങ്ങളും നൽകുന്നു.
''
ഞങ്ങളിൽ പലരും തൊഴിലിനോട് വിട പറഞ്ഞ് മക്കളുടെ തണലിൽ കഴിയുന്നവരാണ്. ഈ പ്രായത്തിലും ഞങ്ങളാലാവും വിധം സമൂഹത്തിൽ ഇടപെടണമെന്ന ചിന്തയാണ് മുന്നോട്ടു നയിക്കുന്നത്. മനസുകൊണ്ട് ഞങ്ങൾ ചെറുപ്പക്കാരാണ്. അത് തെളിയിക്കുന്നതിന്റെ ആദ്യ പടിയാണ് കൊടൈക്കനാൽ ട്രിപ്പ്.
-ബഷീർ മഹാറാണി,
ചെയർമാൻ, വയസൻ ക്ലബ്