asha

ആലപ്പുഴ: ആശാവർക്കർമാർക്ക് കൊവിഡ് സമയത്ത് ചെയ്ത ജോലിക്ക് പോലും വേതനം നൽകുന്നതിൽ അലംഭാവം നേരിടുന്നതായി പരാതി. വർക്കർമാരുടെ പ്രവർത്തന റിപ്പോർട്ട് യഥാസമയം അയക്കുന്നതിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ വരുത്തുന്ന വീഴ്ച്ചയാണ് പ്രശ്നകാരണമെന്നാണ് ആരോപണം.

ജോലി ചെയ്യുന്ന റിപ്പോർട്ട് ജെ.പി.എച്ച്.എൻമാർ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി അയക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആശാവർക്കർമാർക്ക് ശമ്പളം ലഭിക്കുന്നത്. എന്നാൽ ചിലർ ഇത് യഥാസമയം അയക്കില്ല. തണ്ണീർമുക്കം പഞ്ചായത്തിൽ മാത്രം 16 ആശമാർക്കാണ് ഇത്തരത്തിൽ വേതനം ലഭിക്കാത്തതെന്ന് ആശാ വർക്കേഴ്സ് യൂണിയൻ ആരോപിച്ചു. മറ്റ് പഞ്ചായത്തുകളിലും ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്.

സാങ്കേതിക പിഴവെന്ന മറുപടിയിൽ കാര്യങ്ങൾ ഒതുങ്ങുകയാണ്ഇതു സംബന്ധി​ച്ച വി​ശദീകരണം. 2017 മുതൽ ഇത്തരത്തിൽ റിപ്പോർട്ട് കൈമാറാത്തത് മൂലം നിരവധിപ്പേരുടെ വേതനം കുടിശികയായി തുടരുകയാണെന്നും അസോസിയേഷൻ അംഗങ്ങൾ പറയുന്നു. വിഷയത്തിൽ ഡി.എം.ഒയ്ക്കും ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർക്കും ആശമാർ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വരെ ശാശ്വതമായ പരിഹാരം കാണാനോ താക്കീത് നൽകാനോ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്ന് ഇന്ന് മുതൽ ആശമാർ സമരരംഗത്തേക്ക് ഇറങ്ങുകയാണ്. ഏറ്റവും കൂടുതൽ ആശമാർക്ക് വേതനം തടസപ്പെട്ട് കിടക്കുന്ന തണ്ണീർമുക്കം പഞ്ചായത്തിൽ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ സമരം നടത്തും.

സർക്കാർ നി​ലപാട് മറന്ന് ഉദ്യോഗസ്ഥർ

ജോലിയുടെ ഭാഗമായി എത്തുന്ന വീടുകളിൽ നിന്ന് ബുക്കിൽ ഒപ്പിട്ട് വാങ്ങി, അത് അധികൃതരെ കാണിച്ചായിരുന്നു മുമ്പ് ആശമാരുടെ റിപ്പോർട്ട് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കൊവിഡ് വന്നതോടെ ഒപ്പോ, ബുക്കോ വേണ്ടെന്ന് സർക്കാർ നിലപാടെടുത്തു. കൊവിഡ് കാലത്ത് ആശമാർക്ക് മുഴുവൻ ഓണറേറിയവും നൽകണമെന്നായിരുന്നു സർക്കാർ നൽകിയ നിർദ്ദേശം. എന്നാൽ ഇത് ഗൗനിക്കാതെ ഏതാനും ജീവനക്കാർ തുടരുന്ന അലംഭാവമാണ് വേതനം മുടക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

.............................

സ്വന്തം ജീവൻ പോലും പണയം വച്ച് സേവനം നടത്തുന്ന ആശമാരുടെ കുടിശിക തീർത്ത് സർക്കാർ നൽകിയിരിക്കുന്ന തുക മുഴുവനും എല്ലാ ആശമാർക്കും ലഭ്യമാകാത്ത പക്ഷം പണിമുടക്കി പ്രതിഷേധിക്കാൻ നിർബന്ധിതരാവുകയാണ്. ഈ കാര്യങ്ങൾ കാണിച്ചാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയത്.

ഗീതാ ഭായി, സെക്രട്ടറി, ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു