
ആലപ്പുഴ: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 118493 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി. അഞ്ചു വയസു വരെയുള്ള 1,30,398 കുട്ടികളിൽ 90.87 ശതമാനം പേർക്കാണ് മരുന്ന് നൽകിയത്. ജില്ലയിൽ താമസമാക്കിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങളിലെ 663 കുട്ടികളും ഉൾപ്പെടുന്നു. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജനറൽ ആശുപത്രിയിൽ എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ആശുപത്രി ആർ.എം.ഒ ഡോ. ഷാലിമ കൈരളിയുടെ കുഞ്ഞിന് തുള്ളിമരുന്ന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
മുനിസിപ്പൽ ചെയർ പേഴ്‌സൺ സൗമ്യ രാജ് അദ്ധ്യക്ഷയായി. കളക്ടർ എ. അലക്‌സാണ്ടർ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എം.വി. പ്രിയ, മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബീന രമേഷ്, കൗൺസിലർ പി.എസ്. ഫൈസൽ, ജില്ലാ സർവൈലൻസ് ഓഫീസർ കെ. ദീപ്തി, ആർ.സി.എച്ച് ഓഫീസർ എസ്.ആർ. ദിലീപ്കുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ കെ.ആർ. രാധാകൃഷ്ണൻ, ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്. സുജ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. വേണുഗോപാൽ, റോട്ടറി ക്ലബ് പ്രതിനിധികളായ ബേബി കുമാരൻ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
മരുന്നു വിതരണത്തിനായി ജില്ലയിൽ 1,344 ബൂത്തുകളും 37 ട്രാൻസിറ്റ് ബുത്തുകളും 46 മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിരുന്നു. ശേഷിക്കുന്ന കുട്ടികൾക്ക് വീടുകളിൽ തുള്ളിമരുന്ന് നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.