മാന്നാർ: സഞ്ജീവനി സേവാസമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും ചികിത്സാ ധനസഹായ വിതരണവും അനുമോദന സഭയും നടത്തി. കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാല ഹാളിൽ സേവസമിതി പ്രസിഡൻറ് അഡ്വ. ആർ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ആർ.എസ്.എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യൻ അഡ്വ.എസ്.എൻ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ആർ.എസ്.എസ് ചെങ്ങന്നൂർ ജില്ല സേവാപ്രമുഖ് വി.കെ പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ്ദാനം സമിതി രക്ഷാധികാരി കെ.ബാലകൃഷ്ണൻ നായരും വിദ്യാഭ്യാസ ധനസഹായവിതരണം റിട്ട.ഡെപ്യൂട്ടി കളക്ടർ എ.ഗോപകുമാറും ചികിത്സ ധനസഹായ വിതരണം സമിതി മുൻപ്രസിഡൻറ് കെ.എസ് അപ്പുക്കുട്ടൻ നായരും നിർവ്വഹിച്ചു. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു. ശ്രീഭുവനേശ്വരി സ്‌കൂൾസ് മാനേജർ കെ.ജി ഗോപാലകൃഷ്ണപിള്ള, റിട്ട.മേജർ എൽ.ജയകുമാർ, സേവാഭാരതി മാന്നാർ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ അജിത് കുമാർ, സെക്രട്ടറി എച്ച്.അരുൺകുമാർ എന്നിവർ സംസാരി​ച്ചു. ജോയിന്റ് സെക്രട്ടറി ആർ.അജീഷ് സ്വാഗതവും വൈസ് പ്രസിഡൻറ് വിജയലക്ഷ്മി നന്ദിയും പറഞ്ഞു.