
ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഒരാൾ അറസ്റ്റില്‍. ഒരാഴ്ച മുൻപ് വീടിനു സമീപം കുമാരപുരം താമല്ലാക്കൽ വടക്ക് പുത്തൻ പുരയിൽ ഷാജി(54)യെ ആണ് 21ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. താമല്ലാക്കല്‍ കൊച്ചുവീട്ടില്‍ രാജീവിനെ(രാജി 48)ആണ് അറസ്റ്റ് ചെയ്തത്.
മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗവും പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. അയൽവാസികളായ 3 പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
തേങ്ങ ഇട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റതാണ് മരണ കാരണമെന്നാണ് ലഭിച്ച വിവരമെന്ന് പൊലീസ് പറഞ്ഞു. പൊലസ് പറയുന്നത്: രാജീവിന്റെ സഹോദരിയുടെ പുരയിടത്തിൽ അതിക്രമിച്ചുകയറി തേങ്ങ ഇട്ടതിനെ ചൊല്ലി കൊല്ലപ്പെട്ട ഷാജിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും അന്ന് സന്ധ്യയ്ക്ക് പൂജനടക്കുന്ന സമയത്ത് ഷാജി പ്രതിയുടെ വീട്ടിലെ മതിലില്‍ പുറം തിരിഞ്ഞ് ഇരിക്കുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ രാജീവ് ഷാജിയെ കൊന്നപത്തല്‍ കൊണ്ട് അടിച്ചു. അടികൊണ്ട് താഴെ വീണ ഷാജി മരിക്കുകയായിരുന്നു. പരിസരത്തു നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന് പ്രതിയുടെ അമ്മയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഡിവൈ. എസ്.പി അലക്സ് ബേബി, സിഐ ബിജു വി.നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തെങ്ങുകയറ്റ തൊഴിലാളിയായ ഷാജി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ: സുനിത. മകൾ: തുമ്പി.