ആലപ്പുഴ: വി​ദ്യാർത്ഥി​കൾക്കുള്ള വാക്സി​നേഷനി​ൽ ജി​ല്ലയി​ൽ മുന്നേറ്റം. 75,567 വിദ്യാർത്ഥികൾക്കാണ് ആദ്യഡോസ് വാക്‌സിൻ നൽകിയത്.

ശനി​യാഴ്ച്ച വരെയുള്ള കണക്കനുസരി​ച്ച് 93 ശതമാനം വി​ദ്യാർത്ഥി​കൾക്ക് വാക്സി​നേഷൻ ലഭി​ച്ചു. വി​ദ്യാർത്ഥി​കൾക്കുള്ള സെക്കൻഡ് ഡോസ് വാക്സി​നേഷൻ 60 ശതമാനമാണെന്നാണ് അനൗദ്യോഗിക കണക്ക്. 15നും 18നും ഇടയിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കുള്ള കൊവിഡ് വാക്‌സിൻ നൽകണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നായി​രുന്നു വാക്സി​നേഷൻ ഡ്രൈവ് നടത്തി​യത്.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 80,832 വിദ്യാർത്ഥികൾക്കാണ് വാക്സിൻ എടുക്കേണ്ടത്. ഇതിൽ കൊവിഡ് പോസിറ്റീവ് ആയതും മരുന്നുകളുടെ അലർജിയുള്ളതുമായ 3000കുട്ടികൾക്ക് വാക്സിൻ എടുക്കാൻ കാലതാമസം ഉണ്ടാകും. ഇതിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകാൻ കഴിയാത്ത ആരോഗ്യ പ്രശ്നമുള്ളവരാണെന്ന് അധി​കൃതർ പറഞ്ഞു. വാക്സിൻ എടുക്കാൻ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രതിദിനം മൂവായി​രത്തിന് താഴെ മാത്രമേ വാക്സിൻ സ്വീകരിക്കാൻ എത്തുന്നത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാൻ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം 50പേർക്ക് താഴെയുമാണ്. വിദ്യാർത്ഥികളുടെ വാക്സിനേഷൻ മുടക്കം കൂടാതെ വിതരണം ചെയ്യാൻ ആവശ്യമായ വാക്സിൻ സ്റ്റോക്ക് ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ആഴ്ചയിൽ രണ്ട് ദിവസമാണ് വാക്സിൽ വിതരണം ചെയ്യുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ രണ്ടാഴ്ച വിതരണം ചെയ്യാനുള്ള വാക്സിനാണ് സ്റ്റോക്ക് ഉള്ളത്. ഈ ആഴ്ച കൂടുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിനെ അറിയിച്ചിട്ടുണ്ട്. ചെറിയൊരു ശതമാനം പേർ വാക്‌സിൻ വേണ്ടെന്ന മനോഭാവത്തിലുമുണ്ടെത്രെ.

# സ്റ്റോക്ക് 10,000

ജില്ലയിൽ ഇപ്പോൾ സ്റ്റോക്കുള്ളത് 10,000 ഡോസ്. കുട്ടികളുടെ വാക്സിൻ പൂർത്തികരിക്കാൻ സ്റ്റോക്ക് കൂടാതെ വേണ്ടത് 22,000 ഡോസ്. ഈ ആഴ്ച 30,000വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. സാധാരണ കൊവിഡ് വാക്‌സിൻ സെന്റർ കേന്ദ്രങ്ങളിൽ കുട്ടികൾ എത്തി വാക്‌സിൻ സ്വീകരിക്കുകയാണ് ചെയ്യുന്നത്. മാർച്ചിൽ വിദ്യാർത്ഥികളുടെ വാക്‌സിൻ പൂർത്തീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

# മന്ദഗതിയിൽ

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച നടന്ന പോളിയോ തുള്ളി മരുന്ന് വിതരണത്തിനുള്ള ബൂത്ത് തയ്യാറെടുപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്ക പ്രവർത്തനത്തിലായിരുന്നതി​നാൽ വെള്ളിയാഴ്ച മുതൽ വാക്സിൻ വിതരണം കുറച്ച് മന്ദഗതിയിലായി. ഈ ദിവസങ്ങളിലും വാക്സിൻ കേന്ദ്രങ്ങളിൽ എത്തിയ മുഴുവൻ കുട്ടികൾക്കും വാക്സിൻ മുടക്കമില്ലാതെ നൽകിയി​രുന്നു. ഇന്നലെയും ഇന്നും പോളിയോ തുള്ളി മരുന്ന് കുട്ടികൾ സ്വീകരിച്ചെന്ന് ഉറപ്പു വരുത്തുന്ന പ്രവർത്തനമായതിനാൽ വ്യാഴാഴ്ച മുതലേ വീണ്ടും വാക്സിൻ പുനരാരംഭിക്കാൻ സാധിക്കുകയുള്ളു.

വ്യാഴവും ശനിയും വാക്‌സിനേഷൻ


സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിൻ ആഴ്ചയിൽ രണ്ട് ദിവസം ലഭിക്കും. വ്യാഴം, ശനി ദിവസങ്ങളിൽ. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ,താലൂക്ക് ആശുപത്രികൾ, കടപ്പുറം ആശുപത്രി എന്നീ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും വാക്‌സിൻ ലഭിക്കും. കേന്ദ്രങ്ങളിൽ നേരിട്ടെത്തി തത്സമയ രജിസ്‌ട്രേഷനിലൂടെയും വാക്‌സിൻ സ്വീകരിക്കാം.

ജില്ലയിൽ വാക്‌സിനെടുത്തവർ

വിദ്യാഭ്യാസ വകുപ്പ് നൽകിയ കണക്ക്

വിദ്യാർത്ഥികളുടെ എണ്ണം: 80,832

അലർജി, കൊവിഡ് പോസിറ്റീവ് ആയവർ: 3000

ഒന്നാം ഡോസ്: 93%

രണ്ടാം ഡോസ്: 60 %

ആവശ്യമായ ഡോസ്: 32,000

സ്റ്റോക്ക്: 10,000

......................................

'ജില്ലയിൽ വിദ്യാർത്ഥികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിൻ ക്ഷാമം ഇല്ല. 10,000 ഡോസ് വാക്സിനാണ് സ്റ്റോക്കുള്ളത്. ഈ ആഴ്ച 30,000ഡോസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡി.എം.ഒ

......................................